ദുബൈ: പ്രതിദിനം 30 മിനിറ്റ് വ്യായാമം ശീലമാക്കാൻ ദുബൈ നിവാസികളെയും സന്ദർശകരെയും പ്രോത്സാഹിപ്പിക്കുന്ന ദുബൈ ഫിറ്റ്‌നസ് ചലഞ്ച് (ഡി.എഫ്.സി) 10-ാം പതിപ്പിലേക്ക്. ഈ വർഷത്തെ ഫിറ്റ്‌നസ് ചലഞ്ച് 2026 ഒക്ടോബർ 31 മുതൽ നവംബർ 29 വരെ നടക്കുമെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു.
ദുബൈ സാമ്പത്തിക, വിനോദസഞ്ചാര വകുപ്പും (ഡി.ഇ.ടി) ദുബൈ സ്‌പോർട്‌സ് കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രായഭേദമന്യേ ആർക്കും പങ്കാളികളാകാം. നഗരത്തിലുടനീളം സംഘടിപ്പിക്കുന്ന പതിനായിരക്കണക്കിന് കായിക പരിപാടികളിലൂടെയും ക്ലാസുകളിലൂടെയും ദുബൈയെ വീണ്ടും വൻ ഫിറ്റ്‌നസ് ഹബാക്കി മാറ്റുകയാണ് ലക്ഷ്യം.
മുൻവർഷങ്ങളിലേതുപോലെ ജനപ്രിയ പരിപാടികളായ ദുബൈ റൺ, ദുബൈ റൈഡ്, ദുബൈ സ്റ്റാൻഡ് അപ്പ് പാഡിൽ, ദുബൈ യോഗ എന്നിവ ഈ വർഷവും നടക്കും. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഫിറ്റ്‌നസ് വില്ലേജുകളും ഹബ്ബുകളും സജ്ജീകരിക്കും. കൂടുതൽ ആളുകളിലേക്ക് വേഗത്തിലെത്തുന്നതിനായി പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യകളും ഇത്തവണ ഉപയോഗപ്പെടുത്തും.
യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ നിർദേശത്തിൽ 2017ലാണ് ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന് തുടക്കമിട്ടത്. തുടർച്ചയായ 30 ദിവസങ്ങളിൽ 30 മിനിറ്റ് കായിക പരിശീലനം നടത്തുക എന്ന ലളിതമായ ആശയത്തോടെ ആരംഭിച്ച ഈ പദ്ധതി, ഇതുവരെ 1.6 കോടിയിലധികം ആളുകളെ പങ്കാളികളാക്കി ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനകീയ ഫിറ്റ്‌നസ് സംരംഭങ്ങളിലൊന്നായി മാറി.