നാഗ്പൂർ: നിയന്ത്രണംവിട്ട കാർ ചരക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര പരിക്ക്. ബുധൻ പുലർച്ചെ 5:15ഓടെ നാഗ്പൂരിലെ കൽമന പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭരത്വാഡ സ്‌ക്വയറിലാണ് അപകടം. ഭൗമിക് അമോൽ ലാരോക്കർ (16), സാഗർ സഞ്ജയ് മെൽവാനി (17) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന മിഹിർ ആനന്ദ് ബെഹർ (17) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
സുഹൃത്തിന്റെ പിറന്നാൾ പാർട്ടിയിൽ പങ്കെടുക്കാൻ കൂട്ടുകാർ ഒത്തുകൂടുകയായിരുന്നു. ആഘോഷം തുടങ്ങാൻ വൈകിയപ്പോൾ, മൂന്ന് സുഹൃത്തുക്കൾ ചേർന്ന് പ്രദേശത്ത് ചുറ്റിക്കറങ്ങാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. അമിതവേഗത്തിലായിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം നൽകിയതിന് കാറിന്റെ ഉടമയായ ഡ്രൈവറുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തു.