7 വർഷം തളർന്ന് കിടന്ന ഭർത്താവിൻ്റെ കാലിൽ കടിച്ച് ഭാര്യ, പിന്നാലെ എഴുന്നേറ്റ് ഭർത്താവ്

ശരീരം തളർന്ന് കിടക്കുന്നവരും കോമയിലായവരും ചിലപ്പോള്‍ ഏവരെയും ഞെട്ടിച്ച്‌ കൊണ്ട് ജീവിതത്തിലേക്ക് തിരിച്ച്‌ വരവ് നടത്താറുണ്ട്.അപ്രതീക്ഷിതമായതെന്തെങ്കിലും ജീവിതത്തില്‍ സംഭവിക്കുമ്പോഴാണ് ഇത്തരത്തില്‍ പരാശ്രയം വേണ്ടവർക്ക് തങ്ങളുടെ പൂർവ്വാവസ്ഥയിലേക്ക് തിരിച്ച്‌ വരാനുള്ള ഊർജ്ജം ലഭിക്കാറ്. അത്തരമൊരു സംഭവം ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഏഴ് വർഷമായി ശരീരം തളർന്ന് കിടക്കുകയായിരുന്ന ഭർത്താവിന്‍റെ കാലില്‍ ഭാര്യ കടിച്ചു. പിന്നാലെ ഏഴുന്നേറ്റ ഭർത്താവ് തന്‍റെ ഭാര്യയോട് ‘ഐ ലവ് യു’ എന്ന് പറഞ്ഞെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം

2019 -ല്‍, ഏഴ് വർഷങ്ങള്‍ക്ക് മുമ്പ്, ഒരു വെയർഹൗസിന്‍റെ മേല്‍ക്കൂരയില്‍ കുടുങ്ങിയ മൂന്ന് വയസുള്ള കുട്ടിയെ രക്ഷിക്കാനായി കയറിയതായിരുന്നു വാട്ടർപ്രൂഫിംഗ് ജോലിക്കാരനായ ഷാവോ ജിൻക്വിയാൻ. കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് രക്ഷപ്പെടുത്തുന്നതിനിടെ അയാള്‍ ആറ് മീറ്ററോളം താഴ്ചയിലേക്ക് വീണു. വീഴുമ്പോള്‍ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ അയാള്‍ സ്വന്തം ശരീരമുപയോഗിച്ച്‌ അവനെ പൊതിഞ്ഞ് പിടിച്ചു. കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും ഷാവോയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. അദ്ദേഹം ബോധം വീണ്ടെടുക്കാനുള്ള സാധ്യത വളരെ കുറവാണെന്നായിരുന്നു ഡോക്ടർമാർ അറിയിച്ചത്.ഏഴ് വർഷം നീണ്ട കിടപ്പ്

ഭർത്താവിനെ വീണ്ടെടുക്കാൻ സോങ് മെയ് (45) തന്‍റെ ഏഴ് വർഷം ചെലവഴിച്ചു. എല്ലാ ദിവസവും അദ്ദേഹത്തിന്‍റെ വസ്ത്രങ്ങള്‍ മാറ്റി. ഭക്ഷണം നല്‍കി. കൈകള്‍ക്കും കാലുകള്‍ക്കും വ്യായാനം കൊടുത്ത് അവള്‍, ഷവോയോട് നിരന്തരം സംസാരിച്ച്‌ കൊണ്ടിരുന്നു. ഒപ്പം ഞരമ്പുകളെ ഉത്തേജിപ്പിക്കുന്നതിനായി സോങ് ദിവസവും ഷാവോയുടെ കാല്‍ വിരലുകളില്‍ കടിച്ചു. ഒന്നും രണ്ടുമല്ല, ഏഴ് വർഷത്തോളം അവള്‍ അദ്ദേഹത്തെ പരിചരിച്ചു. ഒടുവില്‍ അയളുടെ ശരീരം പതുക്കെ പ്രതികരിച്ച്‌ തുടങ്ങി. കഴിഞ്ഞ ദിവസം അദ്ദേഹം തന്‍റെ ഭാര്യയെ നോക്കി ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്ന് പറഞ്ഞപ്പോള്‍ സോങ് ഞെട്ടിപ്പോയി. പിന്നാലെ നടത്തിയ പരിശോധനയില്‍ ഷാവോയ്ക്ക് നല്ല പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
വൈറലായി ഷാവോയും സോങും

ലളിത ജീവിതമായിരുന്നു അപകടത്തിനും മുമ്പ് ഇരുവരും നയിച്ചിരുന്നത്. കിൻറർഗാർട്ടനിലെ ചിത്രകാലാ അധ്യാപികായായിരുന്നു സോങ്. അവർ ദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യമായി ചിത്രകല പഠിപ്പിച്ച്‌ കൊടുത്തു. അപകടത്തിന് മുമ്പ് ചില കുട്ടികളുടെ വിദ്യാഭ്യാസം ഷാവോ സ്പോർണ്‍സർ ചെയ്തിരുന്നെന്നും റിപ്പോർട്ടുകള്‍ പറയുന്നു. ഇരുവരുടെയും അനുഭവം ഇന്ന് ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

Leave a Reply

Your email address will not be published. Required fields are marked *