ആലപ്പുഴ: യുവമോർച്ച നേതാവ് പ്രതിയായ സ്വർണപ്പണയ തട്ടിപ്പ് കേസിൽ മുഖ്യപ്രതി ശ്രീലകം ഫിനാൻസ് മാനേജർ ടിനു തമ്പാൻ അറസ്റ്റിലായി. കുറത്തിക്കാട് പൊലീസ് കായംകുളത്ത് ഒരു വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കേസിൽ യുവമോർച്ചാ ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണനും സ്ഥാപന ഉടമ രാധാകൃഷ്ണപിള്ളയും ഒളിവിലാണ്. പ്രതികൾ 100 പവനോളം സ്വർണം തട്ടിയെടുത്തുവെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്.
കുറഞ്ഞ പലിശയ്ക്ക് പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് സ്വർണം വാങ്ങി വഞ്ചിച്ചുവെന്ന കേസിൽ മുഖ്യപ്രതിയാണ് ടിനു തമ്പാൻ. സ്വർണപണയത്തിനായി കൊണ്ടുവരുന്ന ആഭരണങ്ങൾ പ്രതി മറിച്ചുവിൽക്കുകയായിരുന്നു. ആവശ്യക്കാർ എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസിന് ഇവർക്കെതിരെ നിരവധി പരാതി ലഭിക്കുകകയായിരുന്നു. സ്ഥാപനത്തിനെതിരെ നൂറിലധികം പരാതികൾ ലഭിച്ചതായാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ടിനു തമ്പാനെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പൊലീസിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.