തോരാമഴ കണക്കിലില്ല; ഒറ്റ രാത്രിയിൽ കേരളം വെള്ളത്തിനടിയിൽ! തിരുവനന്തപുരത്ത് അധികമഴ

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിൽ ഏകദേശം 24 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് 18 വരെയുള്ള കണക്ക് പ്രകാരം കാലവർഷ സീസണിൽ സാധാരണ കിട്ടേണ്ടതിനേക്കാൾ 24.8 ശതമാനം കുറവ് മഴയാണ് ഇതുവരെ കിട്ടിയത്. 1213.1 മില്ലീമീറ്റർ മഴയാണ് കേരളത്തിൽ ഈ കാലവർഷത്തിൽ ലഭിച്ചത്. 1556.2 മില്ലിമീറ്റർ മഴയായിരുന്നു ലഭിക്കേണ്ടിയിരുന്നത്.

 

ഏഴ് ജില്ലകളിലാണ് മഴ കുറഞ്ഞത്. ഇവയിൽ ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്,​ ഇടുക്കി ജില്ലകളിലാണ്. വയനാട്ടിൽ ഏകദേശം 51 ശതമാനവും ഇടുക്കിയിൽ 45 ശതമാനത്തോളവുമാണ് മഴ കുറഞ്ഞത്. എന്നാൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് തിരുവനന്തപുരം,​ പത്തനംതിട്ട ജില്ലകളിലാണ്. തലസ്ഥാനത്ത് രണ്ട് ശതമാനം അധിക മഴയാണ് ലഭിച്ചത്.

 

എറണാകുളത്ത് 22 ശതമാനം,​ കൊല്ലം 27ശതമാനം,​ പാലക്കാട് 24 ശതമാനം,​ തൃശൂർ 25ശതമാനം എന്ന ക്രമത്തിൽ മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ,​ കാസർകോട്,​ കോട്ടയം,​ കോഴിക്കോട്,​ മലപ്പുറം എന്നീ ജില്ലകളിൽ അധികമഴ ലഭിച്ചില്ലെങ്കിലും കുറവ് ഉണ്ടായിട്ടില്ല. ഈ സീസണിൽ സാധാരണയേക്കാൾ കുറവ് മഴയ്ക്കാണ് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

 

പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായെങ്കിലും കണക്കുകൾ സൂചിപ്പിക്കുന്നത് അങ്ങനെയല്ല. സംസ്ഥാനത്തെ മഴയുടെ ഔദ്യോഗിക കണക്കുകളിലേക്ക് നോക്കുമ്പോൾ ചിത്രം മറ്റൊന്നാണ്. പലയിടത്തും മഴ കനത്തതായി അനുഭവപ്പെടുമ്പോഴും മൊത്തം മഴയുടെ കണക്കിൽ കുറവ് രേഖപ്പെടുത്തുന്നത് എന്തുകൊണ്ടാണ്?

 

കണ്ണിൽ കാണുന്ന മഴയും കണക്കിലെ മഴയും ഒരുപോലെയല്ല

ഒരു പ്രദേശത്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ശക്തമായ മഴ ലഭിച്ചാൽ ജനങ്ങൾക്ക് അത് വലിയ മഴയായി അനുഭവപ്പെടും. എന്നാൽ കാലാവസ്ഥാ കണക്കുകളിൽ പരിഗണിക്കുന്നത് ഒരു ദിവസത്തെയോ ഏതാനും മണിക്കൂറുകളെയോ മാത്രം ലഭിച്ച മഴയല്ല. നിശ്ചിത കാലയളവിൽ ലഭിച്ച മഴയുടെ അളവും അതേ കാലയളവിൽ സാധാരണയായി ലഭിക്കേണ്ട മഴയുമായുള്ള താരതമ്യവുമാണ് പ്രധാനമായും നോക്കുന്നത്. ഇത്തരത്തിൽ താരതമ്യം ചെയ്യുമ്പോൾ മഴയുടെ വിതരണം എല്ലാ സ്ഥലങ്ങളിലും ഒരുപോലെ ലഭിക്കണമെന്നില്ല.

 

തിരുവനന്തപുരത്ത് മഴ കൂടുതൽ

ലഭ്യമായ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയിലാണ് മഴയുടെ ലഭ്യത താരതമ്യേന കൂടുതലായി രേഖപ്പെടുത്തിയിരിക്കുന്നത്. മഴയുടെ വിതരണത്തിൽ ജില്ലകൾ തമ്മിൽ വലിയ വ്യത്യാസമുണ്ടാകാമെന്നതിന്റെ ഉദാഹരണമാണ് ഇത്. ഒരു ജില്ലയിൽ തന്നെ എല്ലാ പ്രദേശങ്ങളിലും ഒരേ അളവിൽ മഴ ലഭിക്കണമെന്നില്ല. മലനിരകൾ, കാറ്റിന്റെ ദിശ, മേഘങ്ങളുടെ സഞ്ചാരം, പ്രാദേശിക കാലാവസ്ഥ എന്നിവയെല്ലാം മഴയുടെ തീവ്രതയെയും വിതരണത്തെയും സ്വാധീനിക്കും.

വയനാട്ടിൽ മഴ കുറവ്

കേരളത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴ ലഭിക്കുകയും മഴക്കെടുതി രൂക്ഷമാകുകയും ചെയ്യുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. വയനാട്ടിൽ സാധാരണ ലഭിക്കേണ്ട മഴയെ അപേക്ഷിച്ച് ഈ സീസണിൽ 51 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മലയോര ജില്ലയായ വയനാട്ടിൽ മഴയുടെ അളവിലെ ഈ കുറവ് ശ്രദ്ധേയമാണ്. ഒന്നോ രണ്ടോ ദിവസങ്ങളിൽ ലഭിച്ച ശക്തമായ മഴ നാശനഷ്ടങ്ങൾക്കും ഉരുൾപൊട്ടലിനും കാരണമായേക്കാം. എന്നാൽ അത്തരം മഴ ദീർഘകാലത്തെ മഴക്കുറവിന് പരിഹാരമാകില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

 

ജില്ലകൾ തോറുമുള്ള മഴയിലെ പ്രകടമായ ഈ വ്യത്യാസത്തിന് കാരണം കേരളത്തിന്റെ ഭൂപ്രകൃതിയാണ്. പശ്ചിമഘട്ടം, അറബിക്കടൽ, കാറ്റിന്റെ ദിശ, മേഘങ്ങളുടെ രൂപീകരണം തുടങ്ങിയ ഘടകങ്ങൾ മഴയുടെ വിതരണത്തെ നേരിട്ട് ബാധിക്കുന്ന ഘടകങ്ങളാണ്. പ്രത്യേകിച്ച് ഒറ്റപ്പെട്ട അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ ഒരു ചെറിയ പ്രദേശത്ത് വലിയ അളവിൽ മഴ പെയ്യാം. അതേസമയം, സമീപപ്രദേശങ്ങളിൽ കാര്യമായ മഴ ലഭിക്കാതിരിക്കാനും സാദ്ധ്യതയുണ്ട്. ഇതാണ് കേരളത്തിൽ പെയ്യുന്ന മഴയുടെ പ്രധാന പ്രത്യേകത.

Leave a Reply

Your email address will not be published. Required fields are marked *