ചെന്നൈ: മുതിർന്ന പൗരന്മാർക്കായി പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. ആരോഗ്യമന്ത്രി കെജി അരുൺരാജാണ് നിയമസഭയിൽ പുതിയ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്.
ഇപ്പോൾ നിലവിലുള്ള മുഖ്യമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി, കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന എന്നീ പദ്ധതികളുമായി ചേർന്നാകും പുതിയ പദ്ധതി നടപ്പാക്കുക.
സംസ്ഥാനത്ത് 70 വയസിന് മുകളിലുള്ള എല്ലാവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. വരുമാന പരിധിയില്ലാതെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് പുതിയ ഇൻഷുറൻസ് പദ്ധതി. ഏകദേശം 38 ലക്ഷം പേർ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
വിട്ടുമാറാത്ത രോഗങ്ങൾക്കും ഹൃദയസംബന്ധമായ അസുഖങ്ങൾക്കുമുള്ള നൂതന ചികിത്സയ്ക്കും ഇൻഷുറൻസ് ലഭിക്കും. അവയവമാറ്റ ശസ്ത്രക്രിയകൾക്കും ഇൻഷുറൻസ് പരിരക്ഷയുണ്ടാകും. കോക്ലിയർ ഇംപ്ലാന്റ് ഉൾപ്പെടെയുള്ള ഉയർന്ന ചെലവുവരുന്ന ശസ്ത്രക്രിയകൾക്ക് 23 ലക്ഷം രൂപ വരെ പദ്ധതിൽ നിന്ന് ലഭിക്കുമെന്നും സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.