ലക്നൗ: വേർപിരിഞ്ഞ ഭാര്യയെയും സ്വന്തം സഹോദരിയെയും വെടിവച്ചുകൊലപ്പെടുത്തിയ ശേഷം എസ്ബിഐ ജീവനക്കാരൻ ജീവനൊടുക്കി. ഇന്ന് ഉച്ചയോടെ ഉത്തർപ്രദേശിലെ ലക്നൗവിലാണ് നാടിനെ നടുക്കിയ സംഭവം. കൊലപാതകം നടത്തുന്നതിന് മുമ്പ് പ്രതി പങ്കുവച്ച വാട്സാപ്പ് സ്റ്റാറ്റസ് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരനായ മാനസ് ബാജ്‌പേയ് (38) ആണ് ഇന്ന് ഉച്ചയോടെ ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
ലക്നൗ ഗോമതി നഗറിലുള്ള ഐസിഐസിഐ ബാങ്ക് ശാഖയ്ക്ക് പുറത്തുവച്ചാണ് മാനസ് ഭാര്യ ദിവ്യ മിശ്രയെ (36) വെടിവച്ചുകൊന്നത്. ബാങ്കിലെ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുകയായിരുന്നു ദിവ്യ. പിന്നീട് വാടക വീട്ടിലെത്തിയ പ്രതി അനുജത്തി തുളികയെ (33) വെടിവച്ചുകൊന്ന ശേഷം ജീവനൊടുക്കുകയായിരുന്നു.
കൃത്യത്തിന് തൊട്ടുമുമ്പ് മാനസ് തന്റെ വാട്സാപ്പിൽ പങ്കുവച്ച സ്റ്റാറ്റസ് കേസിൽ നിർണായകമായി. ‘ഇന്ന് ഞാൻ എന്റെ ഭാര്യയെ കൊന്നു, അവൾ എന്നെ വഞ്ചിച്ചു. ഇനി ഞാനും എന്റെ സഹോദരിയും ജീവനൊടുക്കണം. ദിവ്യയുടെ സഹോദരി പ്രജ്ഞയ്ക്കും ഭരതിനും കാര്യങ്ങളെല്ലാം അറിയാം’ എന്നായിരുന്നു സന്ദേശം.
ദിവ്യയുടെ സഹോദരിയാണ് പ്രമുഖ യൂട്യൂബർ കൂടിയായ പ്രജ്ഞ മിശ്ര. വാട്സാപ്പ് സ്റ്റാറ്റസിൽ പരാമർശിക്കപ്പെട്ട വ്യക്തികളെക്കുറിച്ചും ദമ്പതികളുടെ കുടുംബവഴക്കിനെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉച്ചയോടെ ഗോമതി നഗറിലെ ഐസിഐസിഐ ബാങ്കിന് മുന്നിലെത്തിയ മാനസ് ഭാര്യ ദിവ്യയെ ഫോണിൽ വിളിച്ച് പുറത്തേക്ക് വരുത്തുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ സംസാരിക്കുന്നതിനിടയിൽ കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് മാനസ് ദിവ്യയ്ക്ക് നേരെ വെടിയുതിർത്തു. ഗുരുതരമായി പരിക്കേറ്റ് നിലത്തുവീണ ദിവ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് വാടകവീട്ടിലെത്തിയ മാനസ് സഹോദരി തുളികയെ വെടിവച്ചുകൊന്ന ശേഷം സ്വയം വെടിയുതിർക്കുകയായിരുന്നു. മുറിയിൽ നിന്ന് വെടിയൊച്ച കേട്ടെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. വിവരമറിഞ്ഞ് പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ബാങ്ക് പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ കോൾ റെക്കോർഡുകളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഒരു വർഷം മുമ്പ് ദിവ്യ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നതായും പൊലീസ് വ്യക്തമാക്കി.