അമ്മയോട് സ്നേഹം കൂടിയതിൽ പക: മക്കളെ കനാലിൽ തള്ളിയിട്ടുകൊന്ന് പിതാവ്

ബംഗളൂരു: ക‌ർണാടകയിൽ മക്കളെ കനാലിൽ തള്ളിയിട്ടുകൊലപ്പെടുത്തി പിതാവ്. ഒൻപത് വയസുള്ള പെൺകുട്ടിയും രണ്ടര വയസുള്ള ആൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ശാന്തപ്പയെ പൊലീസ് അറസ്റ്റുചെയ്തു. കുട്ടികൾക്ക് അമ്മയോടുള്ള അമിത സ്നേഹമാണ് പിതാവിന്റെ ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് വിവരം.

കഴി‌ഞ്ഞദിവസം വൈകുന്നേരം 3.30 ഓടെയാണ് യാദ്ഗിരി ജില്ലയിലെ ജലസേചന കനാലിൽ നിന്ന് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതക വിവരം പ്രതി തന്നെയാണ് പൊലീസിനെ അറിയിച്ചത്. സംഭവദിവസം ഉച്ചയ്ക്ക് മൂന്ന് മക്കളുമായി വീട്ടിൽനിന്നിറങ്ങിയ ഇയാൾ സൈക്കിളിൽ അവരെ കനാലിന്റെ കരയിലേക്ക് കൊണ്ടുപോയി. ശേഷം മകനെയും മകളെയും കനാലിലേക്ക് തള്ളിയിട്ടു. തുടർന്ന് ആറുവയസുള്ള മകളുമായി യാദ്ഗിരി ടൗണിലെത്തിയ ഇയാൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

രാത്രി ഏറെ വൈകിയതിനാൽ പൊലീസിന് തെരച്ചിൽ നടത്താൻ സാധിച്ചില്ല. പിറ്റേദിവസം രാവിലെ ആറരയോടെ അഗ്നിശമനസേനയുടെ സഹായത്തോടെ തെരച്ചിൽ പുനരാരംഭിച്ചു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച രണ്ടുമക്കൾക്കും ഭാര്യയോടായിരുന്നു സ്നേഹമെന്ന് പ്രതി പൊലീസിന് മൊഴി നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *