കേന്ദ്രത്തിന്റെ ഉറപ്പ് പാലിച്ചില്ല; വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി സിജെപി

ന്യൂഡൽഹി: യുവാക്കളെ ഒപ്പം നിർത്താൻ ബിജെപി തീവ്രശ്രമം തുടരുന്നതിനിടെ, കേന്ദ്രസർക്കാരിനെതിരെ വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി (CJP). നാളെ ചേരുന്ന CJP ദേശീയ പ്രവർത്തക സമിതി യോഗത്തിന് പിന്നാലെ സമരപരിപാടികൾ പ്രഖ്യാപിക്കും.

വിദ്യാർഥി പ്രക്ഷോഭം പിൻവലിക്കുന്നതിനായി കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നാണ് CJPയുടെ ആരോപണം. വിദ്യാർഥികൾക്കെതിരായ FIRകൾ പിൻവലിക്കുന്നതിലും റദ്ദാക്കുന്നതിലും കേന്ദ്രം ഒളിച്ചുകളിക്കുകയാണെന്നും പാർട്ടി കുറ്റപ്പെടുത്തി.

വിദ്യാർഥി പ്രക്ഷോഭം സൃഷ്ടിച്ച തിരിച്ചടി മറികടക്കാനുള്ള ശ്രമത്തിലാണ് ബിജെപിയും കേന്ദ്രസർക്കാരും. സർവകലാശാലകളിലെ വിദ്യാർഥികളുമായി നേരിട്ട് സംവദിക്കാൻ കേന്ദ്രമന്ത്രിമാർ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ യുവാക്കളെ പാർട്ടിയോടൊപ്പം നിർത്താൻ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ നേതൃത്വത്തിലും നീക്കങ്ങൾ സജീവമായി.

യുവാക്കളുമായി ബന്ധം ശക്തമാക്കുന്നതിനായി നിതിൻ നബിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതിയും രൂപീകരിച്ചു. സ്മൃതി ഇറാനി, വിനോദ് താവ്ഡെ, ഹർഷ് സംഘ്‌വി, ഒ.പി. ചൗധരി എന്നിവർ സമിതിയിലുണ്ട്. സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമാകാനും യുവാക്കളുമായി സംവദിക്കാൻ പുതിയ വഴികൾ കണ്ടെത്താനും പ്രധാനമന്ത്രി പാർട്ടിയുടെ പുതിയ ഭാരവാഹികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

യുവജന പിന്തുണ ഉറപ്പാക്കാൻ ബിജെപി ശ്രമങ്ങൾ ശക്തമാക്കുന്നതിനിടെയാണ് യുവാക്കൾക്കിടയിൽ തരംഗമായ CJP വീണ്ടും പ്രക്ഷോഭരംഗത്തേക്ക് എത്തുന്നത്. കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ ലംഘിച്ചെന്ന ആരോപണവുമായി രാജ്യവ്യാപക സമരത്തിനാണ് പാർട്ടി ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *