ഏറ്റവും പുതിയതും കരുത്തുറ്റതുമായ എഐ മോഡലായ ‘ജിപിടി-6 ആസ്ട്ര’ അവതരിപ്പിച്ചു ഓപ്പൺഎഐ. സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നൽകിക്കൊണ്ട് വികസിപ്പിച്ചെടുത്ത ഈ മോഡൽ നിലവിൽ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കാണ് ലഭ്യമാക്കിത്തുടങ്ങിയിരിക്കുന്നത്. ഈ നിലയിലുള്ള എഐ സാങ്കേതികവിദ്യ കൈകാര്യം ചെയ്യുമ്പോൾ സുരക്ഷയ്ക്കാണ് ഒന്നാം സ്ഥാനം നൽകേണ്ടതെന്ന് ഓപ്പൺഎഐ പ്രസിഡന്റ് ഗ്രെഗ് ബ്രോക്മാൻ വ്യക്തമാക്കി.പുതിയ മോഡലിന്റെ വിതരണം ആദ്യഘട്ടത്തിൽ ചില സൈബർ സെക്യൂരിറ്റി ഉപഭോക്താക്കൾക്കാണ് ലഭ്യമാക്കുന്നത്. വരും ദിവസങ്ങളിൽ ചാറ്റ്ജിപിടി പ്ലസ്, പ്രോ, ബിസിനസ്, എന്റർപ്രൈസ് ഉപഭോക്താക്കൾക്കും ഓപ്പൺഎഐ എപിഐ, മൈക്രോസോഫ്റ്റ് അസൂർ,എഡബ്ല്യുഎസ് ബെഡ്‌റോക്ക് എന്നിവ വഴിയും ഇത് ലഭ്യമാകും. എന്നാൽ സൗജന്യമായി ഉപയോഗിക്കുന്നവർക്കും ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ ഉള്ളവർക്കും ആദ്യഘട്ടത്തില്‍ ജിപിടി6 ലഭ്യമായേക്കില്ല.
ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് അഥവാ മനുഷ്യന് സമാനമായ ബുദ്ധിശക്തിയുള്ള എഐ സംവിധാനങ്ങളുടെ കാലഘട്ടത്തിലേക്ക് നാം കടന്നിരിക്കുന്നു എന്ന് വിശ്വസിക്കുന്നത് അസ്ഥാനത്തല്ലെന്ന് ഗ്രെഗ് ബ്രോക്ക്മാൻ പറഞ്ഞു. എജിഐ എന്ന ലക്ഷ്യത്തിൽ എത്തിയാൽ അവസാനിക്കുന്ന രീതിയിൽ മൈക്രോസോഫ്റ്റുമായി ഓപ്പൺഎഐക്ക് ഉണ്ടായിരുന്ന പ്രത്യേക കരാറിലെ വ്യവസ്ഥകൾ കഴിഞ്ഞ ഏപ്രിലിൽ തന്നെ റദ്ദാക്കിയിരുന്നു എന്നത് ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.
മടുപ്പുളവാക്കുന്ന ജോലികൾ ചെയ്യും
മനുഷ്യർക്ക് മടുപ്പുളവാക്കുന്ന നിരവധി കംപ്യൂട്ടർ ജോലികൾ സ്വയം ചെയ്യാൻ ആസ്ട്രയ്ക്ക് കഴിയും. വെബ്സൈറ്റ് നിർമ്മാണം, ശാസ്ത്രീയ വിശകലനങ്ങൾ, ഗെയിം ഡെവലപ്മെന്റ്, കോഡിങ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഉദാഹരണത്തിന്, അനുയോജ്യമായ ഒരു അപ്പാർട്ട്മെന്റ് കണ്ടുപിടിക്കാൻ മനുഷ്യർക്ക് ആറ് മണിക്കൂർ വേണ്ടി വരുമെങ്കിൽ, ആസ്ട്ര ഉപയോഗിച്ച് ഇത് വെറും 10 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഓൺലൈൻ ഫോമുകൾ പൂരിപ്പിക്കാനും ഇമെയിലുകൾ തയ്യാറാക്കാനും ഇത് സഹായിക്കും.
മുൻകാല മോഡലുകളെ അപേക്ഷിച്ച് സങ്കീർണ്ണമായ പരീക്ഷണങ്ങളിൽ വൻ വിജയമാണ് ആസ്ട്ര നേടിയിരിക്കുന്നത്. ഗണിതശാസ്ത്രത്തിലെ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾക്ക് വരെ ഉത്തരം കണ്ടെത്താൻ സഹായിച്ച ഈ മോഡൽ, ഫ്രോണ്ടിയർമാത്ത് ടയർ 4-ൽ (FrontierMath Tier 4) 98 ശതമാനവും, എആർസി-എജിഐ-3-ൽ (ARC-AGI-3) 99.9 ശതമാനവും സ്കോർ ചെയ്യാൻ കഴിഞ്ഞു. കൂടാതെ എക്സ്പ്ലോയിറ്റ്ബെഞ്ചിൽ 100% മാർക്കും നേടിക്കൊണ്ട് കമ്പ്യൂട്ടർ, ബ്രൗസർ ഉപയോഗത്തിൽ ഈ മോഡൽ പുതിയൊരു നാഴികക്കല്ല് സൃഷ്ടിച്ചിരിക്കുകയാണ്.
സുരക്ഷിതത്വം എങ്ങനെ
ജിപിടി5 പുറത്തിറങ്ങി ഒരു വർഷത്തിന് ശേഷമാണ് പുതിയ മോഡലിന്റെ കടന്നുവരവ്.കൂടുതൽ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് പുതിയ മോഡൽ വികസിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ നിർദ്ദേശങ്ങൾ കൃത്യമായി മനസിലാക്കി പ്രവർത്തിക്കാൻ കഴിവുള്ള ഏറ്റവും മികച്ച മോഡലാണ് ജിപിടി-6 ആസ്ട്ര. സുരക്ഷ പരിശോധിക്കുന്നതിനായി പ്രത്യേകമായി നടത്തിയ ടെസ്റ്റുകളിൽ, ലക്ഷ്യത്തിൽ കവിഞ്ഞ് പ്രവർത്തിക്കുന്നതിൽ നിന്ന് മോഡലിനെ തടയാൻ കമ്പനിക്ക് കഴിഞ്ഞു. മുൻ മോഡലായ ജിപിടി-5.6 സോൾ (GPT-5.6 Sol) സുരക്ഷാ സംവിധാനങ്ങളില്ലാതെ 48% തവണ പരിധികൾ ലംഘിച്ചപ്പോൾ, ജിപിടി-6 ആസ്ട്ര പൂജ്യം ശതമാനം (0%) മാത്രമാണ് ഇത്തരത്തിൽ പെരുമാറിയത് എന്നത് ഇതിന്റെ സുരക്ഷിതത്വം അടിവരയിടുന്നു.