ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് ദുരന്തം; മൂന്ന് മരണം,

ന്യൂഡൽഹി: അഞ്ചുനില കെട്ടിടം തകർന്നുവീണതിന്റെ നടുക്കത്തിലാണ് രാജ്യതലസ്ഥാനം. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയുണ്ടായ അപകടത്തിൽ ഇതുവരെ മൂന്ന് പേർ മരിച്ചു. ഒമ്പത് പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.

അപകടസമയത്ത് കെട്ടിടത്തിൽ അൻപതോളം വിദ്യാർഥികൾ ഉണ്ടായിരുന്നതായാണ് വിവരം. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ വിദ്യാർഥികൾ ഫോണിലൂടെ സഹായം തേടിയതായി പ്രദേശവാസികൾ പറഞ്ഞു. കുടുങ്ങിക്കിടക്കുന്നവരിൽ നിന്ന് ഇപ്പോഴും ഫോൺ കോളുകൾ ലഭിക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തകർ അവരുമായി നിരന്തരം ആശയവിനിമയം നടത്തുകയാണെന്നും അപകടസ്ഥലം സന്ദർശിച്ച എംഎൽഎ അനിൽ ശർമ പറഞ്ഞു.

ഡൽഹിയിലെ സത്യനികേതനിലുള്ള പി.ജി ഹോസ്റ്റൽ കെട്ടിടമാണ് തകർന്നത്. ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള കെട്ടിടത്തിൽ കോളേജ് വിദ്യാർഥികളാണ് താമസിച്ചിരുന്നത്. പരിക്കേറ്റ ആറുപേർ എയിംസിൽ ചികിത്സയിലാണ്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് ഹോസ്റ്റലിൽ താമസിച്ചിരുന്നതെന്ന് പ്രദേശവാസി പറഞ്ഞു. 15 മുറികളുള്ള കെട്ടിടത്തിൽ ഓരോ മുറിയിലും രണ്ടോ മൂന്നോ വിദ്യാർഥികൾ വീതമാണ് താമസിച്ചിരുന്നത്. ഒരാൾക്ക് 12,000 രൂപ വരെ വാടക നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.

മോട്ടിലാൽ നെഹ്റു കോളേജ്, ആത്മാറാം സനാതൻ ധർമ കോളേജ്, ശ്രീ വെങ്കടേശ്വര കോളേജ് എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളാണ് ഇവിടെ താമസിച്ചിരുന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ചില നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നതായും പ്രദേശവാസി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *