കുതിര നിയന്ത്രണംവിട്ട് റോഡിലൂടെ ഓടി; ഒരാൾക്ക് പരിക്ക്, വാഹനങ്ങൾക്ക് കേടുപാട്; സംഭവം ചെറുതുരുത്തിയിൽ

ചെറുതുരുത്തി (തൃശൂർ): ചെറുതുരുത്തിയിൽ സംസ്ഥാനപാതയിലൂടെ കുതിര അനിയന്ത്രിതമായി ഓടിയത് പരിഭ്രാന്തി പരത്തി. നിയന്ത്രണം വിട്ടോടിയ കുതിരയുടെ പരാക്രമത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആറ്റൂർ മനപ്പടി കുന്നത്ത് വീട്ടിൽ രതീഷിനാണ് (35) പരിക്കേറ്റത്. കുതിരയുടെ ആക്രമണത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.

നെടുമ്പര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വളർത്തുകുതിരയാണിത്. ചെറുതുരുത്തി കൊച്ചിൻ പാലത്തിന് സമീപത്തുനിന്ന് ഇയാൾ കുതിരയെ ഓടിച്ചുവരുന്നതിനിടെ ചുങ്കം സെൻ്ററിനുസമീപത്തുവെച്ച് കുതിര നിയന്ത്രണംവിട്ട് ഓടുകയായിരുന്നു.

കുതിരയുടെ ഓട്ടംകണ്ട് റോഡിലെ മറ്റു വാഹനങ്ങൾ നിർത്തിയിട്ടു. ഇതേസമയം, റോഡരികിൽ പാർക്ക് ചെയ്തിരുന്ന ചേലക്കര പങ്ങാരപ്പിള്ളി സ്വദേശിയായ മോഹനന്റെ ഓട്ടോറിക്ഷയുടെ മുൻഭാഗം കുതിര തകർത്തു.

വിവരമറിഞ്ഞ് ചെറുതുരുത്തി എസ്.ഐ ജമാലുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തുകയും കുതിരയെ നിയന്ത്രിച്ച് കൊണ്ടുപോകുകയും ചെയ്തു. കുതിരയുടെ നിയന്ത്രണം നഷ്ടപ്പെടാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *