തിരിച്ചടിച്ച് സൗദി സഖ്യസേന; യെമനിൽ ശക്തമായ വ്യോമാക്രമണം, ഹൂതി വിമതർക്ക് തിരിച്ചടി

റിയാദ്: ഹൂതി വിമതരുടെ ആക്രമണങ്ങൾക്ക് കനത്ത തിരിച്ചടി നൽകി സൗദി സഖ്യസനേയുടെ വ്യോമാക്രമണം. യെമനിലെ മരിബ്, അൽ ജൗഫ്, തായിസ്, ഹുദൈദ എന്നിവിടങ്ങളിലായി മുപ്പതോളം തവണ വ്യോമാക്രമണം ഉണ്ടായതായി ഹൂതി വിമതസേന അറിയിച്ചു. എന്നാൽ ആക്രമണത്തെക്കുറിച്ച് സൗദി സഖ്യസേന ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സൗദി അറേബ്യയ്ക്ക് നേരെ ഹൂതി വിമതർ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ കുട്ടികൾ അടക്കം 73 പൗരന്മാർക്ക് പരിക്കേറ്റിരുന്നു. ഇതിന് തിരിച്ചടിയായാണ് സൗദി സഖ്യസേനയുടെ ആക്രമണം.
അരാംകോ എണ്ണ കേന്ദ്രങ്ങളിലും ഖാമീസ് മുഷൈത്തിലെ കിംഗ് ഖാലിദ് എയർ ബേസിലും ഹൂതിയുടെ ആക്രമണമുണ്ടായി. ചെങ്കടൽ തീരത്തെ അരംകോയുടെ ജിസാൻ റിഫൈനറിയിൽ അടക്കം വൻ തീപിടിത്തമുണ്ടായി. പ്രതിദിനം 4 ലക്ഷം ബാരൽ എണ്ണ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ഭീമൻ റിഫൈനറിയാണ് ജിസാനിലേത്. ആക്രമണ പശ്ചാത്തലത്തിൽ മേഖലയിലെ എണ്ണ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ താത്കാലികമായി നിറുത്തിവച്ചിരുന്നു.
ഇക്കൊല്ലം സൗദിക്ക് നേരെയുണ്ടായ ഏറ്റവും വലിയ ഹൂതി ആക്രമണമായിരുന്നു അത്. ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് സൗദിയുടെ നേതൃത്വത്തിലെ അറബ് സഖ്യ സേന പ്രഖ്യാപിച്ചിരുന്നു. അതിനിടെ, ഹോർമുസ് കടലിടുക്കിൽ നിരീക്ഷണം നടത്തുകയായിരുന്ന അമേരിക്കയുടെ ആളില്ലാ മുങ്ങിക്കപ്പൽ പിടിച്ചെടുത്തതായി ഇറാൻ അറിയിച്ചു. കപ്പൽ പിടിച്ചെടുത്തതിന്റെ ചിത്രങ്ങളും ഇറാൻ ഔദ്യോഗികമായി പുറത്തുവിട്ടിട്ടിരുന്നു. എന്നാൽ സാങ്കേതിക തകരാർ സംഭവിച്ച മുങ്ങിക്കപ്പലാണെന്നും അതിൽ തന്ത്രപ്രധാനമായ വിവരങ്ങൾ ഇല്ലെന്നുമാണ് യുഎസ് പ്രതിരോധവൃത്തങ്ങൾ അറിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *