ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ. മത്സര പരീക്ഷാ ഗൈഡ് `ശിവന്ത് സാർ’ എന്ന പുസ്തകത്തിലെ സ്വാതന്ത്ര സമരസേനാനികളുടെ പാഠഭാഗത്തിലാണ് മോദിയുടെ പേരും ഉൾപ്പെടുത്തിയത്.പുസ്തകത്തിലെ ബന്ധപ്പെട്ട ഭാഗത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിമര്‍ശനം ശക്തമാവുകയായിരുന്നു.
1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് മൂന്ന് വർഷം കഴിഞ്ഞാണ് മോദി ജനിച്ചത്. 2014ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ മോദി സ്വാതന്ത്ര്യാനന്തരം ജനിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് എന്ന പ്രത്യേകതയുണ്ട്.ഗാന്ധിജിക്കും സുഭാഷ് ചന്ദ്രബോസിനുമൊപ്പം മോദിയുടെ പേര് ഉൾപ്പെടുത്തിയതിന് പുറമെ, മൈ ഭീ ചൗക്കിദാർ, ജയ് ജവാൻ, ജയ് കിസാൻ, ജയ് വിജ്ഞാൻ, ജയ് അനുസന്ധാൻ തുടങ്ങിയ മോദിയുടെ ചില മുദ്രാവാക്യങ്ങളും പ്രസ്താവനകളും പുസ്തകത്തിൽ നൽകിയിട്ടുണ്ട്.
പുസ്തകത്തിലെ ഉള്ളടക്കം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായതോടെ ശിവന്ത് സര്‍ എന്ന ഗൈഡിനെതിരെ വിമര്‍ശനം ശക്തമായി. പുസ്തകത്തില്‍ മോദിയുടെ ചില പ്രസ്താവനകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള പുസ്തകങ്ങള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ബ്രെയിന്‍വാഷ് ചെയ്യുകയാണെന്നും ആരോപിച്ച് നിരവധി പേര്‍ രംഗത്തെത്തി.സംഭവം തമാശയായി കാണേണ്ടതല്ലെന്നും ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നും ചില സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. ഇന്ത്യ ഉത്തര കൊറിയയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണിതെന്നും സര്‍ക്കാര്‍ അംഗീകാരമുള്ള ആത്മകഥ പോലെയാണിതെന്നും അടക്കമുള്ള നിരവധി കമന്റുകളാണ് ഗൈഡിലെ വിവരങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്. ഹിറ്റ്‌ലറുടെ കാലത്ത് പ്രസിദ്ധീകരിച്ച പ്രചാരണ പുസ്തകങ്ങളുമായി സംഭവത്തെ താരതമ്യം ചെയ്തവരുമുണ്ട്. ഇന്ത്യയിലെ വിദ്യാഭ്യാസ സംവിധാനത്തിന്റെ നിലവാരത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചവരും നിരവധിയാണ്.
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ മോദി; മത്സര പരീക്ഷാ ഗൈഡ് വിവാദത്തിൽ