തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ കേസെടുക്കാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. വീണ വിജയനെ ഇഡി മൂന്ന് തവണ ചോദ്യം ചെയ്തിട്ടുണ്ടെന്നും മുഹമ്മദ് റിയാസിന്റെ പ്രതികരണം വിലകുറഞ്ഞതാണെന്നും ഷോൺ ജോർജ് പറഞ്ഞു. പിണറായിയുടെ പ്രതിപക്ഷ സ്ഥാനം നിലനിർത്താനും പാർട്ടിക്കാരുടെ പിന്തുണ ഉറപ്പാക്കാനുമാണ് റിയാസ് പ്രതികരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ഇഡിയുടെ കൈവശമുള്ള കത്തിൽ ഗുരുതരമായ കണ്ടെത്തലുകളുണ്ട്. കത്തും തെളിവുകളും പുറത്തുവിട്ടാൽ മതിയെന്നും പുറത്തുവന്നിരിക്കുന്നത് ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി ആകെ അവശേഷിക്കുന്നത് ഇവിടെയാണെന്നും കഴിഞ്ഞ പത്ത് വർഷമായി പ്രസ്ഥാനം മോശമായത് പിണറായി വിജയൻ കാരണമാണെന്നും ഷോൺ ജോർജ് ആരോപിച്ചു.
‘പിണറായിയും മകളും പണം വാങ്ങിയതിന് സഖാക്കൾ എന്തിന് ജയിലിൽ കിടക്കണം?’ എന്നും ഷോൺ ജോർജ് ചോദിച്ചു.
സിഎംആർഎൽ–എക്സാലോജിക് കേസിൽ ബിജെപിക്ക് തുറന്ന സമീപനമാണുള്ളതെന്നും ആരാണ് പണം കൈപ്പറ്റിയതെന്ന് കണ്ടെത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. സേവനം നൽകിയതിന്റെ പ്രതിഫലമാണ് പണമെന്നാണ് പറയുന്നത്. എന്നാൽ ബാക്കി ഒന്നര കോടി രൂപ എന്തിനാണ് കൈപ്പറ്റിയതെന്ന് മുഹമ്മദ് റിയാസ് മറുപടി പറയണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ അന്വേഷണം നടത്താതിരിക്കാൻ കഴിയില്ലെന്നും അല്ലെങ്കിൽ സിബിഐ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യം സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.
‘പിണറായിയും മകളും പണം വാങ്ങിയതിന് സഖാക്കൾ എന്തിന് ജയിലിൽ കിടക്കണം’; ഷോൺ ജോർജ്