‘പവർക്കട്ടിന് ഇന്ന് അവധി ഇല്ല’; 6.15നും 12.45നും ഇടയിൽ വൈദ്യുതി നിയന്ത്രണം,​ നിരക്ക് വർദ്ധനയിലും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈകിട്ട് 6.15നും അർദ്ധ രാത്രി 12.45നും ഇടയിലുള്ള സമയത്ത് വൈദ്യുതി മുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. വൈദ്യുതി ലഭ്യതയിൽ 900 മെഗാവാട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വായ്പ വഴിയുള്ള 200 മെഗാ വാട്ട് ലഭ്യമാകാത്തതിനെത്തുടർന്നാണ് വൈദ്യുതി നിയന്ത്രിക്കാൻ കെഎസ്ഇബി തീരുമാനിച്ചിരിക്കുന്നത്.
രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർദ്ധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിൽ കാര്യമായ കുറവ് ഉണ്ടായിട്ടുണ്ടെന്നും അതിനാലാണ് നിയന്ത്രണം ആവശ്യമായി വരുന്നതെന്നും കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവാണ് താപനില മുൻ വർഷത്തേക്കാൾ ഉയർന്ന നിലയിലെത്തിച്ചിരിക്കുന്നത്.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും വൈദ്യുതി വാങ്ങാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. വില കൂടിയാലും വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് തീരുമാനം. ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ വിഷയം ഗൗരവമായി ചർച്ച ചെയ്തു. എൻടിപിസിയിൽ നിന്ന് വൈദ്യുതി വാങ്ങാനും ശ്രമം തുടരുകയാണ്.
ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് സംസ്ഥാനത്ത് നിരക്ക് വർധനയ്ക്ക് കാരണമാകാമെന്നും മന്ത്രി സൂചിപ്പിച്ചു. എൻടിപിസിയിൽ നിന്ന് യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നത് സർക്കാരിന് അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും. ഈ ബാദ്ധ്യത പൂർണമായും ജനങ്ങളിലേക്ക് എത്തില്ലെന്ന് പറയാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. അടിയന്തര സാഹചര്യത്തിൽ ആവശ്യമായ വൈദ്യുതി ഉറപ്പാക്കുകയാണ് നിലവിലെ ലക്ഷ്യമെന്നും ഇക്കാര്യം വൈദ്യുതി റെഗുലേറ്ററി കമ്മീഷനെ ബോധ്യപ്പെടുത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *