എക്‌സ്‌‌റേ മാറി, 16കാരിക്ക് ഡോക്‌ടർ നിർദേശിച്ചത് 88കാരിക്കുള്ള മരുന്ന്; കോന്നി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാപ്പിഴവ്

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതര ചികിത്സാപിഴവെന്ന് പരാതി. ശ്വാസംമുട്ടലിന് ചികിത്സ തേടിയെത്തിയ 16കാരിക്ക് നൽകിയത് 88കാരിയുടെ എക്സ്റേയെന്നാണ് ആരോപണം. കൃത്യമായി എക്സ്റേ പരിശോധിക്കാതെ ഡോക്‌ടർ നട്ടെല്ലിന് വളവുണ്ടെന്ന് പറഞ്ഞ് മരുന്ന് നിർദ്ദേശിക്കുകയും ചെയ്‌തു.
ഈ മാസം 14നാണ് കൂടൽ അതിരുങ്കൽ സ്വദേശിയായ പ്ലസ്‌ടു വിദ്യാർത്ഥിനി മാതാപിതാക്കൾക്കൊപ്പം കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. ഡ്യൂട്ടി ഡോക്‌ടർ ദീപ്‌തിയാണ് കുട്ടിയെ പരിശോധിച്ചത്. ഡോക്‌ടറുടെ നിർദേശപ്രകാരം കുട്ടിയുടെ നെഞ്ചിന്റെ എക്സ്റേയും എടുത്തു. എക്സ്റേ ഫിലിം ഡോക്റെ കാണിച്ചപ്പോൾ നട്ടെല്ലിന് വളവുണ്ടെന്ന് പറഞ്ഞ് അതിനുള്ള മരുന്ന് കുറിച്ചു നൽകി. മൂന്ന് ദിവസം കുട്ടി ഈ മരുന്ന് കഴിക്കുകയും ചെയ്‌തു.
തുടർചികിത്സയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിയപ്പോഴാണ് മെഡിക്കൽ കോളേജിൽ നിന്ന് നൽകിയത് 88കാരി ദേവകിയമ്മയുടെ എക്സ്റേയാണെന്നും ഇല്ലാത്ത രോഗത്തിനാണ് കുട്ടി മരുന്ന് കഴിച്ചതെന്നും തിരിച്ചറിഞ്ഞത്. ചികിത്സാപ്പിഴവിൽ ഡോക്‌ടർ ദീപ്‌തിക്കും എക്സ്റേ വിഭാഗം ജീവനക്കാർക്കുമെതിരെ ശക്തമായ നടപടി വേണമെന്ന് കുട്ടിയുടെ വീട്ടുകാർ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവിക്കും ആശുപത്രി അധികൃതർക്കും വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്. കോന്നി മെഡിക്കൽ കോളേജ് സൂപ്രണ്ട് റേഡിയോളജി ഡിപ്പാർട്മെന്റിനോട് സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ടെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *