തൃശ്ശൂര്‍: കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗത്തിലെ ആഭ്യന്തര ഭിന്നത തെരുവ് യുദ്ധത്തിലേക്ക്. തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ പാര്‍ട്ടി നേതൃസംഗമത്തോടനുബന്ധിച്ച് തോമസ് ഉണ്ണിയാടന്‍ എം.എല്‍.എയുടെ അനുഭാവികളും പാര്‍ട്ടി ഔദ്യോഗിക പക്ഷവും തമ്മില്‍ രൂക്ഷമായ സംഘര്‍ഷവും കയ്യാങ്കളിയും ഉണ്ടായി. പരസ്പരം ചേരിതിരിഞ്ഞ് പോര്‍വിളിച്ച പ്രവര്‍ത്തകര്‍ യോഗത്തിനെത്തിച്ച ചൂടുചായ ഒഴിക്കുകയും മേശയിലുണ്ടായിരുന്ന ഫാന്‍ എടുത്തെറിയുകയും ചെയ്തു. വനിതാ പ്രവര്‍ത്തകര്‍ക്കും പൊലീസുകാരനും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന തോമസ് ഉണ്ണിയാടന്‍ എം.എല്‍.എയ്ക്ക് സ്വീകരണം നടക്കുന്നതിനിടെയാണ് സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ മറ്റൊരു വിഭാഗം യോഗം ചേര്‍ന്നത്. ഈ യോഗസ്ഥലത്തേക്ക് ഉണ്ണിയാടന്‍ അനുകൂലികള്‍ എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. തങ്ങളാണ് കേരള കോണ്‍ഗ്രസ്-ജോസഫ് വിഭാഗത്തിന്റെ ഔദ്യോഗിക പക്ഷമെന്ന് അവകാശപ്പെട്ടാണ് ഉണ്ണിയാടന്‍ അനുകൂലികള്‍ സ്ഥലത്തെത്തിയത്. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി.
വാക്കുതര്‍ക്കം വേഗത്തില്‍ കയ്യാങ്കളിയിലേക്ക് മാറി. യോഗസ്ഥലത്തുണ്ടായിരുന്ന ചൂടുചായ എതിര്‍വിഭാഗത്തിന് നേരെ ഒഴിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഫാന്‍ എടുത്തെറിഞ്ഞതിനെ തുടര്‍ന്നാണ് വനിതാ പ്രവര്‍ത്തകയ്ക്ക് പരിക്കേറ്റത്. യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പ്രവര്‍ത്തകര്‍ ഹാളിനുള്ളിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചതോടെ പൊലീസ് ബലപ്രയോഗത്തിലൂടെ തടഞ്ഞു. തടയുന്നതിനിടെ ഒരു ഡ്യൂട്ടി പൊലീസുകാരനും പരിക്കേറ്റു. പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ചിലരുടെ നേതൃത്വത്തില്‍ വ്യാജമായി പരിപാടി സംഘടിപ്പിക്കുകയാണെന്നും ഔദ്യോഗിക വിഭാഗം ആരോപിക്കുന്നു.എന്നാല്‍, യോഗത്തിന് ഔദ്യോഗിക അനുമതിയില്ലെന്നും തങ്ങളാണ് യഥാര്‍ത്ഥ ഔദ്യോഗിക വിഭാഗമെന്നും ഉണ്ണിയാടന്‍ അനുകൂലികള്‍ അവകാശപ്പെട്ടു. ഔദ്യോഗിക നേതൃസംഗമത്തിന്റെ പേരില്‍ പാര്‍ട്ടിയെ വഞ്ചിക്കുകയാണെന്നാണ് ഇവരുടെ ആരോപണം.