വാഷിങ്ടൺ: ചാറ്റ്ജിപിടി നൽകിയ ഉപദേശത്തെ തുടർന്ന് മരുന്നുകളും മദ്യവും ഉപയോഗിച്ച 19കാരൻ മരിച്ച സംഭവത്തിൽ ഓപ്പൺഎഐക്കെതിരെ കുടുംബം കോടതിയെ സമീപിച്ചു. കാലിഫോർണിയ സർവകലാശാല വിദ്യാർത്ഥിയായ സാം നെൽസണാണ് ക്രാറ്റം, സാനാക്സ്, മദ്യം എന്നിവ ഒരുമിച്ച് ഉപയോഗിച്ചതിനെ തുടർന്ന് മരിച്ചത്.
മരണത്തിന് മുമ്പ് സാം ചാറ്റ്ജിപിടിയുമായി നടത്തിയ 700-ലധികം സംഭാഷണങ്ങൾ പരിശോധിച്ചതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചതെന്ന് അമ്മ യു.എസ് കോൺഗ്രസ് സമിതിക്ക് നൽകിയ സാക്ഷ്യപത്രത്തിൽ പറഞ്ഞു.
ലഹരി പദാർഥങ്ങളും മരുന്നുകളും എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്നതിനെക്കുറിച്ചാണ് സാം പ്രധാനമായും ചാറ്റ്ജിപിടിയോട് ചോദിച്ചിരുന്നത്. തുടക്കത്തിൽ ഇത്തരം ചോദ്യങ്ങൾക്ക് മറുപടി നൽകാൻ വിസമ്മതിച്ച എഐ സിസ്റ്റം പിന്നീട് മരുന്നുകളുടെ അളവിനെക്കുറിച്ചും അവ ഒരുമിച്ച് കഴിക്കുന്നത് സുരക്ഷിതമാണെന്ന തരത്തിലുമുള്ള മറുപടികൾ നൽകിയതായി അമ്മ ആരോപിച്ചു.
മരണത്തിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിലും ക്രാറ്റവും സാനാക്സും ഒരുമിച്ച് കഴിക്കുന്നത് പൂർണ്ണമായും സുരക്ഷിതമാണെന്ന് ചാറ്റ്ജിപിടി തെറ്റായ വിവരം നൽകിയെന്നും അവർ ആരോപിച്ചു. ഉപയോക്താക്കളുടെ താൽപര്യവും ഉപയോഗവും വർധിപ്പിക്കാൻ ഓപ്പൺഎഐ പുതിയ മോഡലുകളിൽ വരുത്തിയ മാറ്റങ്ങളാണ് ചാറ്റ്ബോട്ട് സുഹൃത്തിനെപ്പോലെയും പ്രേരകശക്തിയായും പ്രവർത്തിക്കാൻ കാരണമായതെന്നും അമ്മ കൂട്ടിച്ചേർത്തു.
ചാറ്റ്ജിപിടിയുടെ ഉപദേശപ്രകാരം മരുന്ന് കഴിച്ചു; 19കാരന്റെ മരണത്തിൽ ഓപ്പൺഎഐക്കെതിരെ കേസ്