ഡെറാഡൂൺ: ലോകമെമ്പാടും താപനില ഉയരുന്നത് ഹിമാലയൻ മേഖലയെയും നേരിട്ട് ബാധിക്കുന്നതിനാൽ ഉത്തരാഖണ്ഡിലെ മഞ്ഞുമലകളും ഭീഷണിയിലാണ്. ഉത്തരാഖണ്ഡിലെ 23 പ്രധാന മഞ്ഞുമലകൾ അതിവേഗം ഉരുകുന്നതായി സമീപകാലത്ത് നടത്തിയ പഠനം കണ്ടെത്തി. വാഡിയ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹിമാലയൻ ജിയോളജിയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. ഗവേഷണ പ്രബന്ധം ‘ഡിസ്‌കവർ ജിയോസയൻസ്’ ജേണലിൽ പ്രസിദ്ധീകരിച്ചു. 23 ഹിമാനികളുടെ ചരിത്രരേഖകൾ പരിശോധിച്ച ഗവേഷകർ ഓരോ മഞ്ഞുമലകളും ഉരുകുന്നതിന്റെ കാരണങ്ങളും വിശദമായി വിലയിരുത്തി.
കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും മൂലമുണ്ടാകുന്ന താപനിലയിലെ വർദ്ധനയാണ് മഞ്ഞുമലകൾ ഉരുകുന്നതിന്റെ പ്രധാന കാരണമെന്ന് പഠനം വ്യക്തമാക്കുന്നു. ഇതിനുപുറമെ, ഓരോ മഞ്ഞുമലയുടെയും ആകൃതി, ചരിവ്, മഞ്ഞിന് മുകളിലുള്ള അവശിഷ്ടങ്ങളുടെ അളവ് എന്നിവയും ഉരുകലിന്റെ വേഗതയെ സ്വാധീനിക്കുന്നു. നേപ്പാളിൽ 1,400ലധികം പേരുടെ മരണത്തിനിടയാക്കിയ വെള്ളപ്പൊക്കവുമായി മഞ്ഞുമലകൾ ഉരുകുന്നതിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് ദിവസങ്ങൾക്കുശേഷമാണ് പഠനം പ്രസിദ്ധീകരിച്ചത്. ഭൂപ്രകൃതിയിൽ ഉത്തരാഖണ്ഡിന് നേപ്പാളുമായി ഏറെ സാമ്യതകളുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭീമൻ മഞ്ഞുമലകളിൽ നിന്നും മഞ്ഞുകട്ടകൾ അടർന്നുവീണ് താഴ്വരകളിലൂടെ ഒഴുകിയെത്തുന്നത് ജനവാസ മേഖലകളിൽ വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇതോടെയാണ് അപകടസാധ്യതയുള്ള ഹിമാലയൻ മഞ്ഞുമലകളിൽ ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവർത്തകരും സർക്കാരുകളും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്ത്യയ്ക്കു മാത്രമല്ല, അയൽരാജ്യങ്ങളുടെ ജലസേചനം, കുടിവെള്ളം, ജലവൈദ്യുതി തുടങ്ങിയ ആവശ്യങ്ങൾക്ക് ആവശ്യമായ ജലത്തിന്റെ പ്രധാന സ്രോതസ്സുകളാണ് ഹിമാലയൻ മഞ്ഞുമലകൾ.
ചരിത്രരേഖകൾ പരിശോധിച്ചപ്പോൾ അവശിഷ്ടങ്ങളാൽ മൂടപ്പെട്ട മഞ്ഞുമലകൾ പ്രതിവർഷം ഏതാനും മീറ്ററുകൾ വീതമാണ് ഉരുകുന്നതെന്ന് കണ്ടെത്തി. എന്നാൽ മാലിന്യങ്ങളോ അവശിഷ്ടങ്ങളോ ഇല്ലാത്ത മഞ്ഞുമലകളുടെ ഉരുകൽ നിരക്ക് കൂടുതലാണ്. 2000ന് ശേഷം മഞ്ഞുമലകൾ ഉരുകുന്നതിന്റെ വേഗം ഗണ്യമായി വർദ്ധിച്ചതായും പഠനം ചൂണ്ടിക്കാട്ടുന്നു. ഏകദേശം 4,000 മീറ്റർ വരെ ഉയരത്തിലുള്ള പ്രദേശങ്ങളിൽ മുമ്പ് മഞ്ഞുവീഴ്ച ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ മഴ ലഭിക്കുന്നതാണ് പ്രധാന കാരണങ്ങളിലൊന്ന്.
വേനൽക്കാലം ദൈർഘ്യമേറിയതും ശൈത്യകാലത്തെ മഞ്ഞുവീഴ്ച കുത്തനെ കുറഞ്ഞതും മഞ്ഞുമലകളുടെ നിലനിൽപ്പിനെ ബാധിക്കുന്നുണ്ട്. ലഭിക്കുന്ന മഞ്ഞിന് ഉറച്ച പാളിയായി മാറാൻ ആവശ്യമായ സമയം ലഭിക്കാത്തതും തിരിച്ചടിയാണ്. മഞ്ഞുമലകൾ അതിവേഗം ഉരുകുന്നത് ഭാവിയിൽ സമുദ്രനിരപ്പ് ഉയരുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനൊപ്പം മഞ്ഞുമലയിലൂടെ ഉത്ഭവിക്കുന്ന തടാകങ്ങൾ പൊട്ടിത്തെറിച്ചുണ്ടാകുന്ന പ്രളയം, ഹിമപാതം, ഉയർന്ന പ്രദേശങ്ങളിൽ നിന്നുള്ള മണ്ണും പാറയും ഉൾപ്പെടെയുള്ള അവശിഷ്ടങ്ങളുടെ പ്രവാഹം തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ സാധ്യതയും വർദ്ധിപ്പിക്കുന്നു.
ഗംഗ, ഭഗീരഥി, സത്ലജ്, രവി, സിന്ധു, ബ്രഹ്മപുത്ര, യമുന, അളകനന്ദ, മഹാകാളി തുടങ്ങിയ നദികളുടെ ജലസ്രോതസ്സുകൾ ഹിമാലയൻ മേഖലയുമായി ബന്ധപ്പെട്ടതാണ്. കൃഷി, കുടിവെള്ളം, ജലവൈദ്യുതി തുടങ്ങിയ ആവശ്യങ്ങൾക്ക് ഇന്ത്യയ്ക്കും അയൽരാജ്യങ്ങൾക്കും ഹിമാലയൻ മഞ്ഞുമലകളാണ് ആശ്രയം.
ഹിമാലയൻ മഞ്ഞുമലകൾ വേഗത്തിൽ ഉരുകുന്നു; വൻ പ്രളയഭീഷണി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകർ