ഡ്രൈവറില്ലാ കാർ പരീക്ഷണം, ചെന്നിടിച്ചത് പൊലീസ് വാനിൽ: പാകിസ്ഥാനിൽ പ്രതിഭകൾക്ക് ക്ഷാമമില്ലെന്ന് സോഷ്യൽ മീഡിയ

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ ഡ്രൈവറില്ലാതെ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഒരു പൊലീസ് വാനിൽ ഇടിച്ച് അപകടം. സാറ്റ‌്ലൈറ്റും ഇന്റർനെറ്റ് കണക്ഷനും ഉപയോഗിച്ച് പ്രവർത്തിക്കുന്ന റിമോട്ട് കൺട്രോൾ കാറിന്റെ സാങ്കേതികവിദ്യ പരിചയപ്പെടുത്താൻ നടത്തിയ പരീക്ഷണ ഓട്ടത്തിനിടെയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അബോട്ടാബാദിലെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിദ്യാർഥിയും ഗവേഷകനുമായ എഹ്സാൻ സഫർ വികസിപ്പിച്ചെടുത്തതാണ് ഈ സാങ്കേതികവിദ്യ. ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാദ്ധ്യമപ്രവര്‍ത്തകനുമായുള്ള പരീക്ഷണ ഓട്ടത്തിനിടെയാണ് സംഭവം.
ഡ്രൈവർ സീറ്റിൽ ആരുമില്ലാതെ കാർ സ്വയം സഞ്ചരിക്കുകയായിരുന്നു. തുടക്കത്തിൽ വാഹനം സാധാരണ നിലയിൽ മുന്നോട്ട് പോയെങ്കിലും പിന്നീട് സമീപത്തുണ്ടായിരുന്ന പൊലീസ് വാനിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പ്രവാഹമാണ്.
മറ്റെല്ലാ വാഹനങ്ങളെയും ഒഴിവാക്കി നേരെ പൊലീസ് വാനിൽ തന്നെ കൊണ്ടുപോയി ഇടിച്ച സാങ്കേതികവിദ്യ അപാരം തന്നെ എന്ന് ഒരാൾ കമന്റ് ബോക്സിൽ കുറിച്ചു. റെക്കോർഡ് ചെയ്തത് ഭാഗ്യം ഇല്ലെങ്കിൽ പൊലീസിനോട് ഇത് എങ്ങനെ വിശദീകരിക്കുമായിരുന്നു എന്ന് മറ്റൊരാൾ കുറിച്ചു. പാകിസ്ഥാനിൽ പ്രതിഭകൾക്ക് യാതൊരു ക്ഷാമവുമില്ല എന്നായിരുന്നു മറ്റൊരു കമന്റ്.

Leave a Reply

Your email address will not be published. Required fields are marked *