സ്ത്രീയെ ക്രൂരമായി മർദ്ദിച്ചു, മുടിയിൽ പിടിച്ച് വലിച്ചിഴച്ചു; ദൃശ്യങ്ങൾ വൈറലായതോടെ ഹോം ഗാർഡിന്റെ തൊപ്പി തെറിച്ചു!

ഹൈദരാബാദ്: ഹഫീസ്പെട്ട് റെയിൽവേ സ്റ്റേഷന് സമീപം സ്ത്രീയെ ക്രൂരമായി മദ്ദിക്കുക്കുകയും മുടിയിൽ പിടിച്ച് വലിച്ചിഴയ്ക്കുകയും ചെയ്ത സംഭവത്തിൽ റെയിൽവേ പോലീസിലെ ഹോം ഗാർഡിനെ സൈബരാബാദ് പോലീസ് കമ്മീഷണർ എം. രമേഷ് ശനിയാഴ്ച സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഇയാൾക്കെതിരെ പോലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
36 കാരനായ കഡിഗ ആനന്ദ് എന്ന ഹോംഗാർഡ് സ്ത്രീയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട സംസ്ഥാന പോലീസ് മേധാവ സി.വി. ആനന്ദ്, കുറ്റക്കാരനായ ഹോം ഗാർഡിനെതിരെ കർശന നടപടിയെടുക്കാൻ സൈബരാബാദ് പോലീസ് അധികാരികൾക്ക് നിർദ്ദേശം നൽകുകയായിരുന്നു. സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ മർദ്ദന രംഗങ്ങൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യുകയായിരുന്നു.
യൂണിഫോമിലുണ്ടായിരുന്ന കഡിഗ ആനന്ദ്, സ്ത്രീയെ നിരന്തരം മുഖത്തടിക്കുന്നതും മുടിയിൽ പിടിച്ച് വലിക്കുന്നതും പൊതുസ്ഥലത്ത് വെച്ച് മർദ്ദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. “വെള്ളിയാഴ്ച വൈകുന്നേരം ഹഫീസ്പേട്ട് റെയിൽവേ സ്റ്റേഷന് സമീപം ഒരു ഹോം ഗാർഡ് സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും, മുടിയിൽ പിടിച്ച് വലിക്കുകയും ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് മിയാപൂർ പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയായ ഹോം ഗാർഡിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു,” എന്ന് സൈബരാബാദ് പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പോലീസ് സ്വീകരിച്ചുവരികയാണ്.
സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇത്തരം കാര്യങ്ങളിൽ “ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ല” എന്നും കമ്മീഷണർ രമേഷ് വീഡിയോ പ്രസ്താവനയിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *