തിരുവനന്തപുരം: സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസുകളില്‍ സ്റ്റിക്കര്‍ പതിക്കാന്‍ തീരുമാനമായി. ഓര്‍ഡിനറി, സിറ്റി ഫാസ്റ്റ് ബസുകള്‍ ഒരേ നിറത്തിലായതിലാണ് സ്റ്റിക്കര്‍ പതിക്കുന്നത്. സിറ്റി ഫാസ്റ്റ് ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കില്ല. പദ്ധതി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇന്ന് സര്‍ക്കാര്‍ പുറത്തുവിടുമെന്നാണ് വിവരം.തിങ്കളാഴ്ച രാവിലെ 8.30ന് തമ്പാനൂരില്‍ നിന്ന് മുഖ്യമന്ത്രി വി ഡി സതീശന് സെക്രട്ടറിയേറ്റ് വരെ യാത്ര ചെയ്താണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രിമാരായ കെ മുരളീധരന്, ബിന്ദു കൃഷ്ണ, തുളസി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.പ്രായമോ വരുമാനമോ കണക്കിലെടുക്കാതെ എല്ലാ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും സൗജന്യയാത്ര നല്കുന്ന പദ്ധതിക്ക് മന്ത്രിസഭായോഗം ഇന്നലെ അംഗീകാരം നല്‍കിയിരുന്നു. സൗജന്യയാത്രയിലൂടെ കെഎസ്ആര്‍ടിസിക്കുണ്ടാവുന്ന 800കോടി പ്രതിവര്‍ഷ വരുമാനനഷ്ടം സര്‍ക്കാര്‍ നല്‍കും.യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന പദ്ധതി ‘പ്രിയദര്‍ശിനി’ എന്ന പേരിലാണ് തിങ്കളാഴ്ച മുതല്‍ നടപ്പാക്കുക. കൂടുതല്‍ ബസുകള്‍ വാങ്ങിയും ഷെഡ്യൂളുകള്‍ കൂട്ടിയും പരസ്യവരുമാനം വര്‍ദ്ധിപ്പിച്ചും ആറുമാസത്തിനകം പദ്ധതിയുടെ അടുത്തഘട്ടത്തിലേക്ക് കടക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫാസ്റ്റ്പാസഞ്ചര്‍, ടൗണ്‍-ടു-ടൗണ്‍, സിറ്റിഫാസ്റ്റ് അടക്കം സര്‍വീസുകളിലും തുടര്‍ന്ന് സൗജന്യയാത്ര നടപ്പാക്കുമെന്നാണ് കണക്കുകൂട്ടല്‍.സൗജന്യയാത്രയിലൂടെ പ്രതിമാസം 65മുതല്‍ 70കോടിവരെ ബാദ്ധ്യത സര്‍ക്കാരിനുണ്ടാവും. ശമ്പളം, പെന്ഷന് അടക്കം ചെലവുകള്‍ക്ക് നിലവില്‍ കെഎസ്ആര്‍ടിസിക്ക് 1500കോടി എല്ലാവര്‍ഷവും നല്‍കുന്നുണ്ട്. അതിനുപുറമെ സൗജന്യയാത്രയുടെ ചെലവും സര്‍ക്കാര്‍ നല്‍കും.