\ഭോപ്പാല്‍: സുപ്രീംകോടതിയുടെ ഇടപെടല്‍ ഉണ്ടാകാത്തതിനെത്തുടര്‍ന്ന് മധ്യപ്രദേശില്‍നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കും ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ്, സംസ്ഥാന സെക്രട്ടറി രജനീഷ് അഗര്‍വാള്‍, മുന്‍ സംസ്ഥാന ഫിഷര്‍മാന്‍ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ മഹേഷ് കേവത് എന്നിവരാണ് വിജയിച്ചവര്‍.
കോണ്‍ഗ്രസ് നേതാവ് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക റിട്ടേണിങ് ഓഫീസര്‍ തള്ളിയതിനെതിരേ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, നിലവിലുള്ള തിരഞ്ഞെടുപ്പ് നടപടികള്‍ തടയാന്‍ കോടതി വിസമ്മതിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചുകഴിഞ്ഞാല്‍ കോടതികള്‍ സാധാരണമായി ഇടപെടാറില്ലെന്ന മുന്‍ ഉത്തരവുകള്‍ ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസുമാരായ പ്രശാന്ത് കുമാര്‍ മിശ്ര, അതുല്‍ എസ്. ചന്ദൂര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ചത്. കേസ് വെള്ളിയാഴ്ച പരിഗണിക്കാനായി കോടതി മാറ്റി.
നാമനിര്‍ദേശ പത്രികകള്‍ സൂക്ഷ്മപരിശോധന നടത്തിയതിനുശേഷം ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ മാത്രമാണ് മത്സരരംഗത്തുണ്ടായിരുന്നത്. വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിവരെയായിരുന്നു പത്രിക പിന്‍വലിക്കാനുള്ള സമയം. ഈ സമയപരിധി കഴിഞ്ഞതോടെ റിട്ടേണിങ് ഓഫീസര്‍ ബി.ജെ.പി. സ്ഥാനാര്‍ഥികളെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
നാമനിര്‍ദേശ പത്രിക തള്ളിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരേ കോണ്‍ഗ്രസ് ശക്തമായ നിയമപോരാട്ടവും രാഷ്ട്രീയ നീക്കങ്ങളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. ബുധനാഴ്ച ഉച്ചയ്ക്ക് പത്തംഗ കോണ്‍ഗ്രസ് പ്രതിനിധി സംഘം ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട് പരാതി നല്‍കിയിരുന്നു. എന്നാല്‍, കോടതിയെപ്പോലെതന്നെ തെരഞ്ഞെടുപ്പ് കമ്മിഷനും അന്തിമ നടപടികള്‍ക്ക് മുന്‍പ് ഒരു തീരുമാനമെടുക്കാന്‍ തയ്യാറായില്ല.
കോടതിയില്‍ കോണ്‍ഗ്രസിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്വിയാണ് ഹാജരായത്.