കൽപറ്റ: കേന്ദ്ര കാലാവസ്ഥാ വകുപ്പ് വരുംദിവസങ്ങളിൽ ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ജില്ലയിലേക്കും ജില്ലക്ക് പുറത്തേക്കും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് അത്യാവശ്യമല്ലാത്ത അന്തർ സംസ്ഥാന യാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
അന്തർ സംസ്ഥാനത്ത് നിന്നു ജില്ലയിലേക്ക് വരുന്ന വാഹനങ്ങൾക്കും മറ്റ് ഹെവി വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് നീലഗിരി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട്ടിലെ കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ നിയന്ത്രണം തുടരാൻ പൊലീസ്, മോട്ടോർ വാഹന വകുപ്പുകൾക്ക് നിർദേശം നൽകി.
ജില്ലയില്‍ 10 ദുരിതാശ്വാസ ക്യാമ്പുകളിൽ 112 കുടുംബങ്ങള്‍
ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് ആരംഭിച്ച 10 ദുരിതാശ്വാസ ക്യാമ്പുകളിലായി 112 കുടുംബങ്ങളിലെ 408 പേരാണുള്ളത്. ഇതിൽ 143 പുരുഷന്മാരും 152 സ്ത്രീകളും 113 കുട്ടികളുമുണ്ട്. വൈത്തിരി താലൂക്കിൽ നാലും മാനന്തവാടിയിൽ അഞ്ചും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഒരു ക്യാമ്പുമാണ് നിലവിൽ പ്രവര്‍ത്തിക്കുന്നത്.
വൈത്തിരി താലൂക്കിലെ ഇടിയംവയല്‍ കമ്യൂണിറ്റി ഹാള്‍, മേപ്പാടി ജയ്ഹിന്ദ് അങ്കണവാടി, തെക്കുംതറ എ.യു.പി സ്‌കൂള്‍, വെണ്ണിയോട് എസ്.എ എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. മാനന്തവാടി താലൂക്കില്‍ പുളിഞ്ഞാല്‍ ഗവ ഹൈസ്‌കൂള്‍, മക്കിയാട് ഹോളി ഫെയ്സ് സ്‌കൂള്‍, കൈതകൊല്ലി ഗവ എൽ.പി സ്‌കൂള്‍, കുഞ്ഞോം എ.യു.പി സ്‌കൂള്‍, വള്ളിയൂര്‍ക്കാവ് എന്‍.എം.യു.പി.എസ് എന്നിവിടങ്ങളിലാണ് ക്യാമ്പുള്ളത്. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ശ്രേയസിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്.