കഴുത്തിലെയും തലയിലെയും കാൻസർ; 30 സെക്കന്റ് മതി, തിരിച്ചറിയാം

കഴുത്തിലെയും തലയിലെയും കാൻസറും വായിലെ കാൻസറും എല്ലാം പലപ്പോഴും തിരിച്ചറിയാൻ ഏറെ വൈകും. പ്രാരംഭലക്ഷണങ്ങളെ അവഗണിക്കുന്നതു മൂലമാണ് രോഗനിർണയം വൈകുന്നത്. ഈ കാൻസറുകൾ ഫലപ്രദമായി ചികിത്സിച്ചു മാറ്റാൻ സാധിക്കുന്നതായതുകൊണ്ടുതന്നെ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് ഏറെ ഗുണകരമാണ്. ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ നേരത്തെ തിരിച്ചറിയാൻ ഒരു മുപ്പതു സെക്കന്റ് കണ്ണാടിയുടെ മുൻപിൽ നിന്ന് സ്വയം പരിശോധന നടത്തിയാൽ മതിയാകും. ഒരുങ്ങാൻ മാത്രം കണ്ണാടിയുടെ മുന്നിൽ നിൽക്കുന്നവരാണ് മിക്കവരും.വായ, നാക്ക്, കഴുത്ത് ഇവയൊക്കെ പരിശോധിക്കുന്നവർ വളരെ കുറവാണ്.

കഴുത്തിനെയും തലയെയും ബാധിക്കുന്ന കാൻസറുകൾ ഉണ്ടെങ്കിൽ വളരെ നേരത്തെതന്നെ വ്യക്തമായ മാറ്റങ്ങൾ ശരീരം പ്രകടമാക്കും. വാപ്പുണ്ണ്, മുഴകൾ ഇവയെല്ലാം മാസങ്ങൾക്കു മുൻപേ പല രോഗികളും ശ്രദ്ധിച്ചിട്ടുണ്ടാകും. എന്നാൽ അവ തനിയേ മാറിക്കൊള്ളും. എന്നു കരുതി ചികിത്സിക്കാൻ പലരും തയാറാകില്ല. വൈദ്യപരിശോധന ഇത്തരത്തിൽ വൈകുമ്പോൾ പലപ്പോഴും കാൻസർ അവസാന സ്റ്റേജിൽ എത്തിയിട്ടുണ്ടാകും. നേരത്തെ തന്നെ രോഗനിർണയം നടത്തുന്നതു വഴി സംസാരിക്കാനും ഭക്ഷണം ഇറക്കാനും എല്ലാം ചികിത്സയിലൂടെ സാധിക്കും.മിറർ ടെസ്റ്റ് എങ്ങനെ നടത്താം?

∙ മുഖത്തേക്ക് നോക്കുക, വീക്കമോ മുൻപ് കാണാത്ത തരത്തിൽ എന്തെങ്കിലും രൂപമാറ്റമോ ഉണ്ടോ എന്നു നോക്കുക.

∙ വായ തുറന്ന ശേഷം ചുണ്ടുകൾ, മോണകൾ, കഴുത്ത്, നാവ് ഇവ വളരെ ശ്രദ്ധയോടെ പരിശോധിക്കുക.

∙ നാവ് ഉയർത്തിയ ശേഷം അതിന്റെ വശങ്ങളും അടിഭാഗവും പരിശോധിക്കുക. ഈ സ്ഥലങ്ങളിലാണ് ഓറൽ കാൻസർ ആരംഭിക്കുന്നത്.

∙ രണ്ടാഴ്ചയിലധികം നീണ്ടു നിൽക്കുന്ന വായ്പുണ്ണ് ശ്രദ്ധിക്കണം. അതുപോലെ ചുവന്നതോ വെളുത്തതോ ആയ പാടുകൾ, രക്തസ്രാവം, മുഴകൾ ഇവയും ഉണ്ടോ എന്ന് നോക്കണം.

∙ വായയുടെ പുറകുഭാഗം പരിശോധിക്കുമ്പോൾ ‘ആ’ എന്ന ശബ്ദത്തോടെ വായ തുറന്നശേഷം എന്തെങ്കിലും നീരോ വീക്കമോ വളർച്ചയോ (growths) ഉണ്ടോ എന്ന് നോക്കുക.

∙ കഴുത്തിന്റെ ഇരുവശവും പരിശോധിക്കുക. ഉറപ്പുള്ളതും വേദനയില്ലാത്തതുമായ മുഴകൾ രണ്ടോ മൂന്നോ ആഴ്ചയിലധികം നീണ്ടു നിൽക്കുന്നത് പരിശോധിക്കുക. സ്വയം പരിശോധിച്ചതു വഴി കാൻസർ നിർണയിക്കാനാവില്ല. എന്നാൽ ഈ പരിശോധനയിലൂടെ മാറ്റങ്ങൾ തിരിച്ചറിയാനും ശരിയായ വൈദ്യപരിശോധനയ്ക്ക് വിധേയരാവാനും സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *