ന്യൂഡൽഹി: രാജ്യത്താകെ മഴക്കെടുതി രൂക്ഷം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കാലവർഷം കനക്കുന്നു. മേഘാലയയിലും അരുണാചൽ പ്രദേശിലും റെഡ് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അസമിൽ വരും മണിക്കൂറുകളിൽ അതിശക്തമഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്.
പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി. ശക്തമായ മഴ മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമാകുന്നതിനാൽ വെള്ളക്കെട്ടില്ലാത്ത പ്രദേശത്തിലെ ജനങ്ങളും പരമാവധി യാത്രകൾ ഒഴിവാക്കാൻ കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.
തുടർച്ചയായ മഴയെത്തുടർന്ന് പ്രധാന നദികളിലെയും ഡാമുകളിലെയും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരങ്ങളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു.ജലസ്രോതസുകളെല്ലാം അധികൃതർ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.
ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകളും പ്രാദേശിക ഭരണകൂടങ്ങൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങളും ജനങ്ങൾ കർശനമായി പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴക്കെടുതി രൂക്ഷമായിരിക്കുന്ന പ്രദേശങ്ങളിൽ എസ്ഡിആർഎഫും എൻടിആർഎഫും പ്രാദേശിക ഭരണകൂടവും രക്ഷാപ്രവർത്തനങ്ങൾ നടത്തിവരികയാണ്. പലയിടത്തും ഒരു ജില്ലതന്നെ പൂർണമായും വെള്ളത്തിലായി സ്ഥിതിയായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.