മദ്യനികുതി ഇളവ്; സര്‍ക്കാര്‍ നയത്തിനെതിരേ ലീഗ്, ‘ആശങ്കകള്‍ ദൂരീകരിക്കണം’,യു.ഡി.എഫില്‍ ഉന്നയിച്ചേക്കും

മലപ്പുറം: ഓപ്പറേഷന്‍ തൂഫാനിലൂടെ ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കുന്നതിനിടെ, വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ മുസ്ലിം ലീഗും മുസ്ലിം സംഘടനകളും. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ബജറ്റ് പ്രഖ്യാപനത്തിനെതിരേ രംഗത്തുവന്നു. ചൊവ്വാഴ്ച പാര്‍ട്ടി മുഖപത്രത്തിലും സമസ്ത മുഖപത്രത്തിലും എഴുതിയ ലേഖനത്തിലാണ് പരാമര്‍ശം.
‘പിറക്കട്ടെ, ലഹരിമുക്ത ഗ്രാമങ്ങള്‍’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഓപ്പറേഷന്‍ തൂഫാന്‍ പ്രഖ്യാപിച്ച യു.ഡി.എഫ്. സര്‍ക്കാരിനെ പ്രശംസിക്കുന്നതോടൊപ്പം മദ്യനികുതിയില്‍ ഇളവുനല്‍കാനുള്ള തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കുന്നുമുണ്ട്. ലഹരിയെ നാടുകടത്താനുള്ള ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയെ നാടും നഗരവും ഏറ്റെടുക്കുമ്പോള്‍ത്തന്നെ ബജറ്റിലെ മദ്യനികുതി ഇളവുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആശങ്കകള്‍ ദൂരീകരിക്കാനും കഴിയണമെന്ന് ആവശ്യപ്പെടുന്നു.
‘ലഹരി ഉപയോഗിക്കാത്ത വീടുകള്‍പോലെ ലഹരിമുക്ത ഗ്രാമങ്ങള്‍ക്കൂടി സൃഷ്ടിക്കപ്പെടണം. ആ വലിയ ലക്ഷ്യത്തോടെയാണ് വി.ഡി. സതീശന്‍ നയിക്കുന്ന യു.ഡി.എഫ്. സര്‍ക്കാര്‍ ഓപ്പറേഷന്‍ തൂഫാന്‍ പ്രഖ്യാപിച്ചത്. കുറഞ്ഞ ദിവസത്തിനുള്ളില്‍ത്തന്നെ 10 കോടിയുടെ ലഹരിവസ്തുക്കള്‍ പിടികൂടിയതും മൂവായിരത്തോളംപേരെ അറസ്റ്റുചെയ്തതും എടുത്തുപറയേണ്ടതാണ്. കേരളത്തിലെ ഭാവിതലമുറയ്ക്കുവേണ്ടി ആഭ്യന്തമന്ത്രി രമേശ് ചെന്നിത്തലയും ലഹരിവിരുദ്ധ യാത്രയിലാണ്. വാരിയര്‍ ബാഡ്ജ് അണിഞ്ഞ് കുടുംബസമേതം നമുക്കും ലഹരിവിരുദ്ധ യുദ്ധമായ തൂഫാനില്‍ ഒപ്പം ചേരാമെന്നും സാദിഖലി തങ്ങള്‍ ആഹ്വാനംചെയ്യുന്നു.
ഓപ്പറേഷന്‍ തൂഫാനുമായി സഹകരിക്കാന്‍ മുന്നിട്ടിറങ്ങണമെന്ന് നേരത്തേ സാദിഖലി തങ്ങള്‍ മഹല്ല് കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതിനുപിന്നാലെയാണ് വീര്യംകുറഞ്ഞ മദ്യം പ്രത്യേക വിഭാഗമാക്കി മാറ്റിയ കഴിഞ്ഞ സര്‍ക്കാരിന്റെ രീതി പുതിയ നികുതിഘടന ഏര്‍പ്പെടുത്തി പിന്തുടരാന്‍ ബജറ്റില്‍ നിര്‍ദേശം വന്നത്. ഈ നയത്തിനെതിരേ ഇരുവിഭാഗം സമസ്തയടക്കം മിക്ക മുസ്ലിം സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് സംഘടനകള്‍ സര്‍ക്കാരിന് നിവേദനങ്ങളും നല്‍കി.
യു.ഡി.എഫില്‍ ഉന്നയിച്ചേക്കും
വീര്യംകുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് മുസ്ലിം ലീഗ് യു.ഡി.എഫില്‍ ആവശ്യപ്പെട്ടേക്കും. സാദിഖലി തങ്ങളുടെ ലേഖനം വന്നതോടെതന്നെ വിഷയത്തില്‍ ലീഗിനുള്ള അതൃപ്തി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഘടകക്ഷികളെ ബോധ്യപ്പെടുത്താനായി. പാര്‍ട്ടിയിലെ കൂടിയാലോചനയ്ക്കു ശേഷമാകും തുടര്‍നടപടി

 

 

Leave a Reply

Your email address will not be published. Required fields are marked *