
ലണ്ടന്‍ ന്മ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന യുഎസ് – ഇറാന്‍ സമാധാന ചര്‍ച്ചകള്‍ക്കിടെ പാക്കിസ്ഥാന്‍ കരസേനാ മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ വധിക്കാന്‍ ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് പദ്ധതിയിട്ടതായി പ്രമുഖ ബ്രസീലിയന്‍ മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ പെപ്പെ എസ്‌കോബാറിന്റെ വെളിപ്പെടുത്തല്‍. പാക്കിസ്ഥാന്‍ സൈനിക ഇന്റലിജന്‍സ് ഈ വിവരം ചോര്‍ത്തുകയും പദ്ധതി പരാജയപ്പെടുത്തുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ മരിയോ നൗഫലുമായി എക്‌സില്‍ നടത്തിയ ചര്‍ച്ചയ്ക്കിടയിലാണ് പെപ്പെ എസ്‌കോബാര്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്.
അങ്ങേയറ്റം വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നാണ് പാക്കിസ്ഥാന്‍ ഇന്റലിജന്‍സിന് ഈ വിവരം ലഭിച്ചതെന്ന് പെപ്പെ എസ്‌കോബാര്‍ അവകാശപ്പെടുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ നിര്‍ദേശപ്രകാരമാണ് അസിം മുനീറിനെയും പാക്ക് പ്രതിനിധി സംഘത്തെയും ലക്ഷ്യമിട്ട് മൊസാദ് ഗൂഢാലോചന ആസൂത്രണം ചെയ്തത്. വിവരമറിഞ്ഞ ഉടന്‍ പാക്കിസ്ഥാന്‍ ഒമാന്‍ പോലുള്ള മറ്റ് രാജ്യങ്ങള്‍ വഴി ഇസ്രയേലിന് നേരിട്ട് ശക്തമായ മുന്നറിയിപ്പ് നല്‍കിയതായി പെപ്പെ എസ്‌കോബാര്‍ പറഞ്ഞു. ഞങ്ങളുടെ പ്രതിനിധി സംഘത്തെ തൊട്ടാല്‍ നിങ്ങളെ ഞങ്ങള്‍ ഭൂപടത്തില്‍ നിന്ന് തുടച്ചുനീക്കും എന്നായിരുന്നു പാക്കിസ്ഥാന്റെ സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.