പശ്ചിമബംഗാളില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ അടുത്ത ആഴ്ച; തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാന്‍ സുവേന്ദു സര്‍ക്കാര്‍

 

സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അടുത്ത ആഴ്ച സംസ്ഥാന നിയമസഭയില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ അവതരിപ്പിച്ചേക്കും. പാര്‍ട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള വലിയൊരു ചുവടുവെപ്പാണിത്.
മതം ഏതായാലും എല്ലാ പൗരന്മാര്‍ക്കും വിവാഹം, വിവാഹമോചനം, സ്വത്ത് വിഹിതം, ദത്തെടുക്കല്‍, പിന്‍തുടര്‍ച്ചാവകാശം തുടങ്ങിയ കാര്യങ്ങളില്‍ മതാധിഷ്ഠിത വ്യക്തിനിയമങ്ങള്‍ക്ക് പകരം പൊതുവായ നിയമങ്ങള്‍ കൊണ്ടുവരാനാണ് ഏകീകൃത സിവില്‍ കോഡിലൂടെ ലക്ഷ്യമിടുന്നത്. ബില്‍ പാസാക്കുകയാണെങ്കില്‍, സ്വാതന്ത്ര്യത്തിന് ശേഷം ഏകീകൃത സിവില്‍ കോഡിലേക്ക് നീങ്ങുന്ന നാലാമത്തെ ബിജെപി ഭരണസംസ്ഥാനമായി പശ്ചിമ ബംഗാള്‍ മാറും. 2024 ഫെബ്രുവരിയില്‍ ഉത്തരാഖണ്ഡാണ് രാജ്യത്ത് ആദ്യമായി ഏകീകൃത സിവില്‍ കോഡ് നിയമം പാസാക്കിയത്. തുടര്‍ന്ന് ഗുജറാത്തും അസമും സമാനമായ നിയമനിര്‍മാണം നടത്തിയിരുന്നു.
പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന പ്രചാരണ ആയുധമായിരുന്നു ഏകീകൃത സിവില്‍ കോഡ്. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയായ ‘സങ്കല്‍പ് പത്ര’ പുറത്തിറക്കുന്നതിനിടെ, ബിജെപി അധികാരത്തില്‍വന്ന് ആറ് മാസത്തിനകം സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പുനല്‍കിയിരുന്നു.
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ 15 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചാണ് ബിജെപി ചരിത്രത്തിലാദ്യമായി അധികാരം പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച 293 സീറ്റുകളില്‍ 207 എണ്ണവും ബിജെപി സ്വന്തമാക്കി. പിന്നീട് ഫാല്‍ത്ത നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും വിജയിച്ചതോടെ ബിജെപിയുടെ ആകെ സീറ്റുകളുടെ എണ്ണം 208 ആയി ഉയര്‍ന്നു. വലിയ പരാജയം നേരിട്ട മമത ബാനര്‍ജിയുടെ ടിഎംസിക്ക് വെറും 80 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.

 

 

Leave a Reply

Your email address will not be published. Required fields are marked *