വെനസ്വേലയെ തകര്‍ത്തെറിഞ്ഞ ഇരട്ട ഭൂകമ്പം: മരണം 235 ആയി, 4300 പേര്‍ക്ക് പരിക്കേറ്റു, പതിനായിരങ്ങളെ കാണാനില്ല

 

കാരക്കാസ്: ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയെ തകര്‍ത്തെറിഞ്ഞ ഇരട്ട ഭൂകമ്പത്തില്‍ ഇതുവരെ ജീവന്‍ നഷ്ടമായത് 235 പേര്‍ക്ക്. 4300പേര്‍ക്ക് പരിക്കേറ്റതായും ചിലരുടേത് ഗുരുതരമാണെന്നും ആരോഗ്യമന്ത്രി കാര്‍ലോസ് അല്‍വറാഡോ വ്യക്തമാക്കി. ഒരു നൂറ്റാണ്ടിനിടെ വെനസ്വേല നേരിട്ട ഏറ്റവും വലിയ ഭൂകമ്പമാണ് 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തേത്. രാജ്യ തലസ്ഥാനമായ കാരക്കാസിലും തൊട്ടടുത്തുള്ള തുറമുഖ നഗരമായ ലാ ഗ്വേയ്റയിലും പലരെയും കാണാനില്ല. ഇവര്‍ തകര്‍ന്നുകിടക്കുന്ന കെട്ടിടങ്ങള്‍ക്കടിയിലുണ്ടാകുമോ എന്നതാണ് സംശയം. ഇപ്പോഴും അവശിഷ്ടങ്ങള്‍ നീക്കി ജനങ്ങളെ രക്ഷിക്കുന്നത് തുടരുകയാണ്.
രാജ്യത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സുരക്ഷാസേനയെ അമേരിക്ക വിന്യസിച്ചു. എന്നാല്‍ ഇവര്‍ വെനസ്വേലയില്‍ എത്തിച്ചേര്‍ന്നിട്ടില്ല. എപ്പോള്‍ എത്തുമെന്നും വ്യക്തതയില്ല. ഭൂകമ്പ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായങ്ങള്‍ പ്രവഹിക്കുകയാണ്. കുട്ടികളടക്കം രാജ്യത്ത് കടുത്ത ദുരിതത്തിലായി. പലര്‍ക്കും പോകാനിടമില്ലാതെ തെരുവിലായി. രാഷ്ട്രീയ, സാമ്പത്തിക തകര്‍ച്ചയില്‍ രാജ്യം പൊറുതിമുട്ടുമ്പോഴാണ് പ്രകൃതിദുരന്തമുണ്ടായത്.
സെക്കന്‍ഡുകളുടെ ഇടവേളയിലാണ് വെനസ്വേലയെ വിറപ്പിച്ച ഇരട്ട ഭൂകമ്പമുണ്ടായത്. 30ലേറെ തുടര്‍ ചലനങ്ങളുണ്ടായതോടെ ജനങ്ങള്‍ തുറസായ സ്ഥലങ്ങളില്‍ അഭയംതേടി. ഇന്നലെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.34നായിരുന്നു (പ്രാദേശിക സമയം ബുധന്‍ വൈകിട്ട് 6.04) റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പം. 39 സെക്കന്‍ഡുകള്‍ക്ക് ശേഷം 7.5 തീവ്രതയില്‍ രണ്ടാമത്തെ ഭൂകമ്പം. പ്രധാന നഗരങ്ങളുള്‍പ്പെടെ കുലുങ്ങി. കെട്ടിടങ്ങള്‍ നിലംപതിച്ചു. കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയിലും വടക്കന്‍ ബ്രസീലിലും പ്രകമ്പനമുണ്ടായി.

 

Leave a Reply

Your email address will not be published. Required fields are marked *