പൂനെ കൊലപാതകം: ‘കുറ്റം തെളിഞ്ഞാല്‍ സിയയെയും കോട്ടയുടെ മുകളില്‍ നിന്ന് എറിയണം’, ആവശ്യപ്പെട്ട് മാതാപിതാക്കള്‍

 

പൂനെ: യുവ വ്യവസായി കേതന്‍ അഗര്‍വാളിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സിയ ഗോയലിനെതിരെ കടുത്ത പ്രതികരണവുമായി മാതാപിതാക്കള്‍. കുറ്റക്കാരിയെന്ന് കണ്ടാല്‍ കേതനെ പ്രതികള്‍ കൊലപ്പെടുത്തിയതുപോലെ ലോഗഹഡ് കോട്ടയുടെ മുകളില്‍ നിന്നും എറിഞ്ഞ് സിയയെയും ശിക്ഷിക്കണമെന്നാണ് അമ്മ പൂജ ഗോയല്‍ പറയുന്നത്.
‘ഇവരിലാരെങ്കിലും കുറ്റം ചെയ്തെന്ന് തെളിഞ്ഞാല്‍ ശക്തമായ ശിക്ഷതന്നെ നല്‍കണം. എന്റെ മകളാണെങ്കിലും ശരി. എന്റെ മകള്‍ കുറ്റക്കാരിയെന്ന് തെളിഞ്ഞാല്‍ കേതനെ താഴേക്ക് എറിഞ്ഞ കോട്ടയിലെ അതേസ്ഥലത്ത് നിന്നും അവളെയും എടുത്തെറിയണം.കുടുംബത്തിന് സിയ-കേതന്‍ വിവാഹത്തില്‍ അത്ര പ്രതീക്ഷ ഉണ്ടായിരുന്നു.
കേതന്റെ കുടുംബവും സിയയെ അത്രത്തോളം സ്നേഹത്തോടെയും അടുപ്പത്തോടെയും കണ്ടിരുന്നു. വിവാഹത്തിനുള്ള ചടങ്ങുകളെല്ലാം ഭംഗിയായി നടക്കുകയായിരുന്നു. അവളുടെ പിറന്നാളിനുള്ള ചടങ്ങുകള്‍ വരെ അവര്‍ ഏര്‍പ്പെടുത്തിയിരുന്നു. സിയയ്ക്ക് കേതനോട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ഞങ്ങളുമായി ചര്‍ച്ച ചെയ്യണമായിരുന്നു. കല്യാണത്തെക്കുറിച്ച് അത്തരത്തിലൊരിക്കലും സിയ പറഞ്ഞിട്ടില്ല. ചേതനെക്കുറിച്ച് ഞങ്ങള്‍ക്കറിയില്ല.വിവാഹനിശ്ചയശേഷം കേതനുമായേ അവള്‍ സംസാരിച്ചിട്ടുള്ളു. അവള്‍ കുറ്റം ചെയ്തെന്ന് സമ്മതിച്ചതായി ഞങ്ങള്‍ കരുതുന്നില്ല. അന്വേഷണത്തില്‍ അവള്‍ കുറ്റക്കാരിയെന്ന് തെളിഞ്ഞാല്‍ കടുത്ത ശിക്ഷതന്നെ നല്‍കണം.’ -പൂജ ഗോയല്‍ പറഞ്ഞു.
വിവാഹത്തിനായി ഉദയ്പൂരില്‍ മൂന്ന് കോടിയുടെ റിസോര്‍ട്ട് ബുക്ക് ചെയ്തു. ഇതുവരെ വിവാഹത്തിന് അഞ്ച് കോടി ചെലവിട്ടെന്നാണ് സിയയുടെ മാതാപിതാക്കള്‍ പറയുന്നത്. സംഭവമറിഞ്ഞ സിയയുടെ പിതാവ് പ്രവീണ്‍ ഗോയല്‍ ഹൃദയാഘാതത്തെതുടര്‍ന്ന് ആശുപത്രിയിലായി. മകള്‍ കുറ്റക്കാരിയെങ്കില്‍ കടുത്ത ശിക്ഷ നല്‍കണമെന്നാണ് പ്രവീണിന്റെയും ആവശ്യം.
ജൂണ്‍ 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലോഹഗഡ് കോട്ടയില്‍ സിയയോടൊപ്പം ട്രക്കിംഗ് യാത്രയ്ക്കിടെ കേതന്‍ അഗര്‍വാള്‍ ഒരു മലയിടുക്കില്‍ വീണ് മരിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്നത്. അപകടമരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ലോണാവാല റൂറല്‍ പൊലീസ് അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ലോഹഗഡ് കോട്ടയിലെ ടിക്കറ്റ് കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ആസൂത്രിത കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *