ബ്രെന്റ് ക്രൂഡ് വില 72 ഡോളര്‍ മാത്രം, പെട്രോള്‍ ഡീസല്‍ വില കുറക്കുമ്പോ എണ്ണക്കമ്പനികള്‍? ക്രൂഡ് ഓയിലിന് വില കുത്തനെ കുറഞ്ഞു

 

ദുബായ്: യു എസ്-ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ ആഗോള എണ്ണ വിപണി സാധാരണ നിലയിലേക്ക് മടങ്ങി. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില യുദ്ധത്തിന് തൊട്ടു മുന്‍പ് ഉള്ളതിനേക്കാള്‍ കുറഞ്ഞു. ഡബ്ല്യുടിഐ ക്രൂഡ് വില ഇന്നലെ എഴുപത് ഡോളറിലും താഴെയെത്തി. ബ്രെന്റ് ക്രൂഡ് വില 72 ഡോളറിലേക്ക് താഴ്ന്നു. യുദ്ധ സമയത്ത് 120 ഡോളര്‍ വരെ എത്തിയ എണ്ണ വിലയാണ് താഴ്ന്നത്. ഇന്ത്യയിലെ ഇന്ധന വിലയെ ബാധിക്കുന്ന ഇന്ത്യന്‍ ക്രൂഡ് ബാസ്‌കറ്റില്‍ ഇപ്പോള്‍ ബാരലിന് 70 ഡോളര്‍ ആണ് ക്രൂഡ് വില. യുദ്ധ കാലത്ത് ഇത് 157 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു.
ഹോര്‍മൂസില്‍ ഗതാഗതം സാധാരണ നിലയില്‍ ആകാന്‍ ഏതാനും ആഴ്ചകള്‍ കൂടി എടുക്കും. ഇതോടെ ക്രൂഡ് വില ഇനിയും താഴുമെന്നാണ് വിലയിരുത്തല്‍. പക്ഷെ പെട്രോള്‍ ഡീസല്‍ വിലകള്‍ ആനുപാതികമായി കുറക്കുന്ന കാര്യത്തില്‍ എണ്ണകമ്പനികള്‍ തീരുമാനം എടുത്തിട്ടില്ല. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഓയില്‍ ടാങ്കറുകളുടെ എണ്ണം ഇരട്ടിയായി. സുരക്ഷാ ഭീതി ഒഴിഞ്ഞതോടെ കപ്പലുകള്‍ ട്രാന്‍സ്‌പോണ്ടറുകള്‍ ഓണ്‍ ചെയ്ത് സുരക്ഷിതമായി യാത്ര ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മാത്രം 30 ദശലക്ഷത്തിലധികം ബാരല്‍ ക്രൂഡ് ഓയിലാണ് ഏഷ്യയിലേക്ക് എത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇറാന്‍ വന്‍ കിഴിവിലാണ് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണ നല്‍കുന്നത്. ഗള്‍ഫ് രാജ്യങ്ങളും ഉല്‍പ്പാദനം പഴയപടിയാക്കിയിട്ടുണ്ട്.

അതേസമയം ഹോര്‍മുസിലെ നാവികരെ പുറത്തെത്തിക്കുന്ന ദൗത്യം അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷന്‍ നിര്‍ത്തി വെച്ചു. കപ്പല്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. ഒമാന്‍ തീരത്താണ് കാര്‍?ഗോ കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. ഇറാന്‍ അമേരിക്ക ധാരണയ്ക്ക് ശേഷം ആദ്യമായാണ് ആക്രമണമുണ്ടാവുന്നത്. നിശ്ചയിച്ച റൂട്ടിലൂടെ കപ്പലുകള്‍ പോകണമെന്നും മറിച്ചായാല്‍ സുരക്ഷാ ഗ്യാരണ്ടി ഉണ്ടാകില്ലെന്നും ഇറാന്‍ അറിയിച്ചു. ഉത്തരവാദിത്തം കപ്പല്‍ ഉടമകള്‍ക്കും കമ്പനികള്‍ക്കും കപ്പല്‍ കമാന്‍ഡര്‍മാര്‍ക്കും ആയിരിക്കുമെന്നും ഇറാന്‍ അറിയിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *