പ്രവാസികളുടെ ശ്രദ്ധയ്ക്ക്; നാട്ടിലേക്ക് വരാന്‍ ഇനി പുതിയ നിയമം, യാത്രയ്ക്ക് 24 മണിക്കൂര്‍ മുമ്പ് ഒരു അപേക്ഷ പൂരിപ്പിക്കണം

ദുബായ്: രാജ്യത്തേക്കെത്തുന്ന യാത്രക്കാര്‍ക്കായി പുതിയ പോര്‍ട്ടല്‍ ആരംഭിച്ച് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ഇനിമുതല്‍ ഇന്ത്യയിലേക്കെത്തുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സ്വയം സാക്ഷ്യപ്പെടുത്തുന്ന ഒരു അപേക്ഷ നിര്‍ബന്ധമായും പൂരിപ്പിച്ച് നല്‍കണം. എബോള രോഗം വ്യാപകമാകുന്നതിന് പിന്നാലെയാണ് പുതിയ നീക്കം. ‘എയര്‍ സുവിധ 2.0’ എന്നാണ് ഇന്നലെ ആരംഭിച്ച പോര്‍ട്ടലിന്റെ പേര്.
വിദേശത്ത് നിന്നെത്തുന്ന യാത്രക്കാര്‍ നിബന്ധമായും ഈ പോര്‍ട്ടലില്‍ കയറി അപേക്ഷ പൂരിപ്പിക്കണം. 21 ദിവസത്തെ യാത്രാ വിവരം, എബോള രോഗലക്ഷണങ്ങളുണ്ടോ തുടങ്ങിയ വിവരങ്ങള്‍ ഫോമില്‍ ഉള്‍പ്പെടുത്തണം. ഇമിഗ്രേഷന്‍ ക്ലിയറന്‍സ് വൈകാതിരിക്കാന്‍ യാത്രയ്ക്ക് മുമ്പ് തന്നെ ഈ അപേക്ഷ പൂരിപ്പിച്ച് നല്‍കണം. ഇന്ത്യന്‍ ആരോഗ്യമന്ത്രാലയവും സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ‘എയര്‍ സുവിധ 2.0’ പോര്‍ട്ടല്‍. കൊവിഡ് കാലത്ത് നടപ്പിലാക്കി പിന്നീട് നിര്‍ത്തലാക്കിയ ‘എയര്‍ സുവിധ’ പോര്‍ട്ടല്‍ കൂടുതല്‍ സുരക്ഷാ ഫീച്ചറുകളോടെ പരിഷ്‌കരിച്ചാണ് ‘എയര്‍ സുവിധ 2.0’ ആക്കി മാറ്റിയിരിക്കുന്നത്.
യാത്രക്കാര്‍ ചെയ്യേണ്ടത്
ഇന്ത്യയിലേക്ക് തിരിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് മുതല്‍ പോര്‍ട്ടലില്‍ അപേക്ഷ പൂരിപ്പിക്കാവുന്നതാണ്. വിമാനത്തില്‍ കയറുന്നതിനും ചെക്ക് ഇന്‍ ചെയ്യുന്നതിനും മുമ്പ് കര്‍ശനമായും അപേക്ഷ സമര്‍പ്പിച്ചിരിക്കണം. എയര്‍ സുവിധയുടെ ഔദ്യോഗിക പോര്‍ട്ടലില്‍ അപേക്ഷ ലഭിക്കുന്നതാണ്. ഓണ്‍ലൈനായി അപേക്ഷ പൂരിപ്പിച്ചുകഴിഞ്ഞാല്‍ ഇതിന്റെ ഡിജിറ്റല്‍ കോപ്പി ഫോണില്‍ സൂക്ഷിക്കണം. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ എത്തുമ്പോള്‍ ഇന്റര്‍നാഷണല്‍ ട്രാവല്‍ ഹെല്‍ത്ത് ഡെസ്‌കിലോ ഇമിഗ്രേഷന്‍ കൗണ്ടറിലോ ഇത് കാണിച്ചാല്‍ മതിയാകും. വിമാനത്താവളങ്ങളില്‍ ഇതിനായി പേപ്പര്‍ ഫോമുകള്‍ പൂരിപ്പിക്കേണ്ടതില്ല.

 

 

Leave a Reply

Your email address will not be published. Required fields are marked *