700 കോടി രൂപ തട്ടിപ്പു നടത്തിയ വിപിവിവി കമ്പനി വിശാഖപട്ടണത്ത് 100 കിലോഗ്രാം ‘സമ്പുഷ്ട യുറേനിയം’ പ്രദര്‍ശിപ്പിച്ച് നിക്ഷേപകരെ കബളിപ്പിച്ചു. യുഎസ് പ്രതിരോധ വകുപ്പിനു വേണ്ടി ‘ആണവായുധം’ നിര്‍മിക്കാന്‍ വിപിവിവിക്കു കൈമാറിയ സമ്പുഷ്ട യുറേനിയത്തിന്റ വില കിലോഗ്രാമിന് 5 ലക്ഷം രൂപയാണെന്നും കമ്പനി ചെയര്‍മാന്‍ വെങ്കിട്ട വെങ്കിട് നിക്ഷേപകരോടു പറഞ്ഞു. ഇതില്‍നിന്നു പ്രസരിക്കുന്ന ‘ഗാമ’ രശ്മികളില്‍ നിന്നുള്ള സംരക്ഷണത്തിനായി പ്രത്യേകതരം വസ്ത്രങ്ങള്‍ ധരിപ്പിച്ചാണു മുന്നൂറിലധികം നിക്ഷേപകരെ കമ്പനി ചെലവില്‍ 2025 മാര്‍ച്ച് അഞ്ചിനു വിശാഖപട്ടണത്ത് എത്തിച്ചത്.തെലങ്കാന മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവെന്നു സ്വയം പരിചയപ്പെടുത്തിയ ‘യലെത്തി പത്മരാജ് ഗോപാല്‍’ എന്നയാളായിരുന്നു പരിപാടിയുടെ മുഖ്യസംഘാടകന്‍. സമ്പുഷ്ട യുറേനിയം കാരണം ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളവരെ കണ്ടെത്താനുള്ള മെഡിക്കല്‍ പരിശോധനകളും നടത്തി. തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ ‘ഡോക്ടര്‍ സാബിനെ’ കവചിത വാഹനത്തിലാണു വേദിയിലേക്കു കൊണ്ടുവന്നത്.
എട്ട് ലെയര്‍ പരിശോധനകളാണു വേദിയില്‍ എത്തും മുന്‍പു നിക്ഷേപകര്‍ക്കു നടത്തിയത്. ലോഹനിര്‍മിത ബട്ടണ്‍ പിടിപ്പിച്ച വസ്ത്രം ധരിച്ചെത്തിയവരെ ആദ്യ റൗണ്ടില്‍ തന്നെ മാറ്റിനിര്‍ത്തി. ശരീരത്തിനുള്ളില്‍ പേസ്‌മേക്കര്‍ പോലുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍, ലോഹദണ്ഡുകള്‍, സ്റ്റെന്റ് എന്നിവ ഘടിപ്പിച്ചവരെയും മാറ്റിനിര്‍ത്തി. ആഭരണങ്ങള്‍, മൊബൈല്‍ ഫോണ്‍, കണ്ണട, വാച്ച്, ക്യാമറ എന്നിവയും അനുവദിച്ചില്ല