ബെല്‍ഫാസ്റ്റ്: ജൂലായ് ഒന്നിന് നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയില്‍ കൗമാര താരം വൈഭവ് സൂര്യവംശി കളിക്കുമോ ഇല്ലയോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഐപിഎല്ലിലും അണ്ടര്‍ 19 ലോകകപ്പിലും മിന്നും പ്രകടനം നടത്തിയ താരം ആദ്യമായിട്ടാണ് ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുന്നത്.
താരം സീനിയര്‍ ടീമംഗങ്ങളോടൊപ്പം പരിശീലനം നടത്തുന്നതിന്റെ വീഡിയോകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വൈഭവ് പ്ലേയിംഗ് ഇലവനില്‍ ഇടം പിടിക്കാനുള്ള സാദ്ധ്യതയില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം ചെതേശ്വര്‍ പുജാര വിലയിരുത്തുന്നത്. സ്റ്റാര്‍ സ്പോര്‍ട്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ആരംഭിക്കുന്ന അയര്‍ലന്‍ഡ് പരമ്പരയ്ക്കുള്ള ടീമിലും വൈഭവിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
‘അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരടങ്ങുന്ന ഇന്ത്യയുടെ ടോപ്പ് ത്രീ സഖ്യത്തില്‍ മാറ്റമൊന്നും ഞാന്‍ കാണുന്നില്ല. സഞ്ജുവും ഇഷാനും ആദ്യ ഇലവനില്‍ തീര്‍ച്ചയായും ഉണ്ടാകും. വരും മത്സരങ്ങളില്‍ ഇന്ത്യ താരങ്ങളെ റൊട്ടേറ്റ് ചെയ്യുമ്പോള്‍ വൈഭവിന് ചുരുങ്ങിയത് ഒരു മത്സരത്തിലെങ്കിലും അവസരം ലഭിക്കുമെന്ന് ഉറപ്പാണ്.’ -പുജാര പറഞ്ഞു.
നിലവിലെ ട്വന്റി-20 ലോകകപ്പ് ചാമ്പ്യന്‍മാരായ ഇന്ത്യ, മൂന്ന് വര്‍ഷത്തിന് ശേഷം അയര്‍ലന്‍ഡിലേക്ക് മടങ്ങിയെത്തുമ്പോള്‍ പരമ്പര നേടാന്‍ ഏറ്റവും കൂടുതല്‍ സാദ്ധ്യതയുള്ള ടീമാണ്. എങ്കിലും എല്ലാവരും ഉറ്റു നോക്കുന്നത് ടീമിലെ കൗമാര വിസ്മയം വൈഭവിലേക്കാണ്. മൈതാനത്തിന്റെ എല്ലാ കോണിലേക്കും അനായാസം സിക്‌സറുകള്‍ പായിക്കാനുള്ള താരത്തിന്റെ മികവ് ആരാധകരെയും ക്രിക്കറ്റ് ലോകത്തെയും ഒരുപോലെ ആവേശത്തിലാക്കിയിട്ടുണ്ട്.
അതേസമയം 2023 ഡിസംബറിന് ശേഷം ആദ്യമായാണ് ശ്രേയസ് അയ്യര്‍ ഇന്ത്യയുടെ ട്വന്റി20 ടീമിലേക്ക് തിരിച്ചെത്തുന്നത്. സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്ന അയ്യര്‍ക്ക് ഇതൊരു പരീക്ഷണമാണ്. ഐപിഎല്ലിലെ തന്റെ മികച്ച ക്യാപ്ടന്‍സിയും പരിചയസമ്പത്തും, മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറുമായുള്ള കെമിസ്ട്രിയും മുതലാക്കാനാകും അയ്യരുടെ ശ്രമം. നായകന്‍ ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, വൈസ് ക്യാപ്ടന്‍ തിലക് വര്‍മ്മ എന്നിവരടങ്ങുന്ന മദ്ധ്യനിര ഇന്ത്യയ്ക്ക് മികച്ച ബാറ്റിംഗ് കരുത്ത് പകരും.