‘ഇരട്ടത്താപ്പാണ് സതീശന്റെ മുഖമുദ്ര, മുഖ്യമന്ത്രിയാകുമ്പോള്‍ മാറുമെന്ന് കരുതി,പക്ഷേ..’-എം വി ഗോവിന്ദന്‍


തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷമായ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പറയുന്ന കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കാത്തയാളാണ് വി.ഡി. സതീശനെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പി.എം. ശ്രീ പദ്ധതിയിലും കരിമണല്‍ ഘനനവുമായി ബന്ധപ്പെട്ടും വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തിലുമെല്ലാം ഇതേ ഇരട്ടത്താപ്പാണ് മുഖ്യമന്ത്രിയുടെ നിലപാടുകളില്‍ ഉള്ളതെന്നും അദ്ദേഹം ആരോപിച്ചു.

ഇടതുസര്‍ക്കാരാണ് കേരളത്തില്‍ അധികാരത്തില്‍ എത്തിയതെങ്കില്‍ ഒരുകാരണവശാലും പി.എം. ശ്രീ പദ്ധതി നടപ്പിലാക്കില്ലായിരുന്നു എന്നും ഗോവിന്ദന്‍ പറഞ്ഞു. ‘പി.എം. ശ്രീ എതിര്‍ത്തതിന്റെ പേരില്‍ ഇടത് നേതാക്കളെ അറബിക്കടലിലേക്കും ചവറ്റുകുട്ടയിലേക്കും എറിയും എന്ന് പറഞ്ഞിരുന്നവരാണ്. എന്നാല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റയുടന്‍ തന്നെ യാതൊരു ജാള്യതയുമില്ലാതെ ആ പദ്ധതി നടപ്പിലാക്കും എന്നാണ് സതീശന്‍ പ്രഖ്യാപിച്ചത്.’ അദ്ദേഹം കുറ്റപ്പെടുത്തി.
‘ഈ ഇരട്ടത്താപ്പാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ മുഖമുദ്ര. ഇത് ഞങ്ങള്‍ നേരത്തേ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. മുഖ്യമന്ത്രിയാകുമ്പോള്‍ അതില്‍ മാറ്റം വരും എന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അദ്ദേഹം കഴിഞ്ഞ ദിവസം കുട്ടനാട് എംഎല്‍എയ്ക്ക് നല്‍കിയ മറുപടിയോടെ അദ്ദേഹം മാറാന്‍ തയ്യാറല്ല എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്.’ എം.വി. ഗോവിന്ദന്‍ ആരോപിച്ചു.
കരിണമല്‍ ഘനനവുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിക്ക് ഇതേ നിലപാടാണെന്ന് ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ‘സ്വകാര്യവത്കരിക്കും എന്ന് പരസ്യമായി പറയുക, സ്വകാര്യവത്കരിക്കില്ല എന്ന് അസംബ്ലിയില്‍ പറയുക.’ അദ്ദേഹം കുറ്റപ്പെടുത്തി.
‘മദ്യനയവുമായി ബന്ധപ്പെട്ട് ഇപ്പോഴും ചര്‍ച്ചകളൊന്നും നടക്കുന്നില്ല. യുഡിഎഫ് മദ്യനയം തീരുമാനിച്ചതിന് ശേഷം ബജറ്റില്‍ പാസ്സാക്കിയ കാര്യം നടപ്പിലാക്കണോ നടപ്പിലാക്കണ്ടയോ എന്ന് തീരുമാനിക്കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. നല്ല രീതിയില്‍ ഇളവുകള്‍ നല്‍കിക്കൊണ്ടാണ് ബജറ്റ് പാസ്സാക്കിയിരിക്കുന്നത്. ഖജനാവിന് 600 കോടിയോളം രൂപ നഷ്ടംവരും. ഇനി അത് എങ്ങനെ മുന്നോട്ടുപോകും എന്നത് കണ്ടറിയണം.’ അദ്ദേഹം പറഞ്ഞു.
‘ബക്കാര്‍ഡിയടക്കമുള്ളവര്‍ക്ക് ആനുകൂല്യം നേടാന്‍ ഇനി പ്രയാസമുണ്ടാവില്ല. വി.എം. സുധീരനും കെ.സി. വേണുഗോപാലുമടക്കം ഈ വിഷയത്തില്‍ ചര്‍ച്ച നടത്തണം എന്ന് പറയുമ്പോള്‍, പ്രശ്നത്തിന് പുകമറ സൃഷ്ടിക്കാന്‍ മുഖ്യമന്ത്രി സഭയില്‍ ഒരു ഫയല്‍ ഉദ്ധരിച്ചു. അത് നന്നായി, ഫയലിലെ വിവരങ്ങള്‍ പുറത്തുവന്നില്ലായിരുന്നെങ്കില്‍ ഈ വിഷയത്തില്‍ ഇടതുസര്‍ക്കാര്‍ എന്തോ തെറ്റു ചെയിതിരുന്നു എന്ന ജനങ്ങള്‍ തെറ്റിദ്ധരിച്ചേനെ.’ ഗോവിന്ദന്‍ പറഞ്ഞു.
‘കശുമാങ്ങ ഉപയോഗിച്ച് കേരളത്തിന്റെ തനതായ വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയിരുന്നു. പച്ചക്കറിയും മറ്റ് ധാന്യങ്ങളും ഇതില്‍ നിന്നെല്ലാം വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിച്ച് വില്‍ക്കാനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തിരുന്നു. ആരും ഉപയോഗിക്കാതെ പാഴായിപ്പോകുന്ന ഇത്തരം സാധനങ്ങള്‍ ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നത് കര്‍ഷകര്‍ക്കും സഹായകമായേനെ. അതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു.’ അദ്ദേഹം പറഞ്ഞു.
‘ആ ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ബക്കാര്‍ഡിയുടെ കത്ത് വരുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നിര്‍വചനമെന്താണ് എന്നും അതിന് ഫലപ്രദമായ പരിശോധനയിലൂടെ റിപ്പോര്‍ട്ട് കിട്ടണം എന്നുമാണ് ഞാന്‍ മറുപടി എഴുതിയത്.’ എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി

 

 

Leave a Reply

Your email address will not be published. Required fields are marked *