ആദ്യം ബസുകളുടെ ഫ്ലാഗ് ഓഫ്, പിന്നെ ടിക്കറ്റെടുത്ത് നഗരം ചുറ്റല്‍; ‘വൈറല്‍ സ്റ്റാറായി’ മുഖ്യമന്ത്രി വിജയ്

 

ചെന്നൈ: പുത്തന്‍ ബസില്‍ കന്നിയാത്രക്കാരനായി നഗരംചുറ്റി മുഖ്യമന്ത്രി ജോസഫ് വിജയ്. വ്യാഴാഴ്ച രാവിലെ തമിഴ്‌നാട് സര്‍ക്കാര്‍ പുതുതായി വാങ്ങിയ 300 ബസുകളുടെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചശേഷമാണ് വിജയ് തന്റെ മണ്ഡലമായ പെരമ്പൂരിലേക്കുള്ള ’29 സി’ നമ്പര്‍ ബസില്‍ കയറിയിരുന്ന് യാത്രക്കാരന്റെ വേഷമണിഞ്ഞത്.
ബസില്‍ വിജയ് നഗരംചുറ്റി. തന്റെ മൊബൈല്‍ ഫോണില്‍ ചിത്രങ്ങളും വീഡിയോയും പകര്‍ത്തി. കണ്ടക്ടറെ പിടിച്ച് അടുത്തിരുത്തി ടിക്കറ്റെടുത്തു. മറ്റുയാത്രികരെ അഭിവാദ്യം ചെയ്തു. വിജയിന്റെ ബസ് യാത്രയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പുത്തന്‍ ബസുകള്‍ നിരത്തിലിറക്കിയതിനെക്കാള്‍ ആളുകള്‍ അഭിനന്ദിച്ചത് അതേ ബസില്‍ ആദ്യ യാത്രചെയ്യാനുള്ള വിജയിന്റെ തീരുമാനത്തെയാണ്.
നൂറുകണക്കിന് വൈദ്യുത ബസുകളെത്തുന്നു
ലോകബാങ്കിന്റെ സഹായത്തോടെ 750 വൈദ്യുത ബസുകള്‍ കൂടി മെട്രപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ റോഡിലിറക്കുന്നു. 1,337 കോടി രൂപ ചെലവില്‍ 550 എ.സി.ബസുകളും 200 ഡീലക്‌സ് ബസുകളുമാണ് റോഡിലിറക്കുക. ഡീലക്‌സ് ബസുകളില്‍ എ.സി.യുണ്ടാവില്ല. തണ്ടയാര്‍പ്പേട്ട, വ്യാസര്‍പ്പാടി, പൂനമല്ലി, തിരുവാണ്‍മിയൂര്‍, മിഞ്ചൂര്‍, മണലി, റെഡ് ഹില്‍സ്, കോയമ്പേട് ബസ് ടെര്‍മിനല്‍ എന്നിവയില്‍നിന്ന് സര്‍വീസുകള്‍ നടത്തും.
ബസുകളുടെ ബാറ്ററികള്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യം ഈ ബസ് ഡിപ്പോകളിലുണ്ട്. ബസുകളിലെ ബാറ്ററികള്‍ ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ വരെ സര്‍വീസ് നടത്താന്‍ കഴിയും. ബസില്‍ യാത്രക്കാര്‍ക്കായി സീറ്റ് ബെല്‍റ്റുകളുണ്ടാകും. സി.സി.ടി.വി. ക്യാമറകള്‍ ബസില്‍ സ്ഥാപിച്ചിരിക്കും. ഒരു മാസത്തിലേക്ക് 2000 രൂപയുടെ ബസ് പാസ് ചെന്നൈവണ്‍ ആപ്പ് വഴിയെടുക്കാം. 2000 രൂപ പാസ് എടുത്താല്‍ എ.സി.ബസുകളിലും നോണ്‍ എ.സി.ബസുകളിലും സഞ്ചരിക്കാം.
നഗരത്തില്‍ വാഹനങ്ങളുടെ എണ്ണം ദിവസം തോറും വര്‍ധിച്ചുവരുകയാണ്. വായുമലിനീകരണം ഇല്ലാതാക്കാനും വര്‍ധിച്ചുവരുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ വിലയും കണക്കിലെടുത്താണ് വൈദ്യുതബസുകള്‍ ഓടിക്കുന്നത്. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിലൂടെ സ്വകാര്യവാഹനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ ചെന്നൈയില്‍ 400 വൈദ്യുത ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *