
തിരുവനന്തപുരം: കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലും പരിസര പ്രദേശങ്ങളിലുമായി വര്‍ഷങ്ങളായി കിടക്കുന്ന വാഹനങ്ങള്‍ക്ക് ശാപമോക്ഷമാകുന്നു. കേസുകളില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ നശിച്ച് പോകുന്നത് തടയുന്നതിനുള്ള നിയമ നിര്‍മാണമുണ്ടാവണമെന്നുള്ള വര്‍ഷങ്ങളായുള്ള ആവശ്യത്തിനാണ് കേരള സര്‍ക്കാര്‍ പരിഹാരം കാണാനൊരുങ്ങുന്നത്. ഇതിനായി പ്രത്യേക പദ്ധതിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു.
പോലീസ് സ്റ്റേഷന്‍ പരിസരത്ത് കിടക്കുന്ന പഴയ വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനായി സ്പേസ് (സ്‌ക്രാപ് പ്രോസസ്സിങ് ഫോര്‍ ഏരിയ ക്ലീന്‍അപ്പ് ആന്‍ഡ് എന്‍ഹാന്‍സ്മെന്റ്) എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. കേരള പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ പൊതുമേഖല സ്ഥാപനമായ സീറോയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരിക്കുന്നത്.
സംസ്ഥാന പോലീസ് മേധാവി ചെയര്‍മാനും കെ.പി.എച്ച്.സി.സി. മാനേജിങ് ഡയറക്ടര്‍ അംഗവുമായ സമിതിയാണ് സ്പേസ് പദ്ധതിക്ക് രൂപം നല്‍കുന്നത്. റീക്ലെയിം, റിന്യൂ, റിവൈവ് എന്ന ടാഗ്ലൈനുമായാണ് പദ്ധതി ആരംഭിക്കുന്നത്. പോലീസ് സ്റ്റേഷനുകളില്‍ കെട്ടക്കിടക്കുന്ന വാഹനങ്ങളുടെ കണക്കെടുപ്പ് നടത്തി സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രി അറിയിച്ചത്.
വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നത് പൊതുജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതി വ്യാപകമാണ്. വാഹനങ്ങള്‍ ലേലം ചെയ്യുന്ന സംവിധാനം നിലവിലുണ്ടെങ്കിലും ഇത് ശാശ്വത പരിഹാരമായിരുന്നില്ല. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ചെയര്‍മാന്റെ നേതൃത്വത്തില്‍ തയാറാക്കുമെന്നും പോലീസ് സ്റ്റേഷന്‍ ശുചിയാക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.