ലോകചാമ്പ്യന്മാരെ വീഴ്ത്തി ചരിത്രജയവുമായി അയര്‍ലന്‍ഡ്; ഇന്ത്യയുടെ തോല്‍വി 34 റണ്‍സിന് സ്‌പോര്‍ട്‌സ് ഡെസ്‌ക്

ബെല്‍ഫാസ്റ്റ്: ലോകചാമ്പ്യന്മാരെ അട്ടിമറിച്ച് ചരിത്രജയവുമായി അയര്‍ലന്‍ഡ്. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ടി20 ലോകജേതാക്കളായ ഇന്ത്യയെ 34 റണ്‍സിനാണ് അയര്‍ലന്‍ഡ് കീഴടക്കിയത്. അയര്‍ലന്‍ഡ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 148 റണ്‍സിന് ഓള്‍ഔട്ടായി. അയര്‍ലന്‍ഡ് ബൗളര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ്നിര തകര്‍ന്നടിയുന്നതാണ് കണ്ടത്. ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര മത്സരത്തില്‍ അയലര്‍ലന്‍ഡ് ഇന്ത്യയെ തോല്‍പ്പിക്കുന്നത്.
ശ്രേയസ്സ് അയ്യരുടെ ക്യാപ്റ്റന്‍സിയിലെ ആദ്യ ടി20 മത്സരമെന്ന നിലയില്‍ ആരാധകര്‍ ആവേശത്തോടെയാണ് അയര്‍ലന്‍ഡിനെതിരായ പോരാട്ടത്തിനായി കാത്തിരുന്നത്. മാത്രമല്ല, ഇന്ത്യ ടി20 ലോക ചാമ്പ്യന്മാരായതിന് ശേഷമുള്ള ഫോര്‍മാറ്റിലെ ആദ്യ മത്സരവും. കൗമാരതാരം വൈഭവ് സൂര്യവംശി അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആധ്യ പതിനൊന്നില്‍ താരത്തെ ഉള്‍പ്പെടുത്തിയില്ല. അങ്ങനെ കളത്തിലിറങ്ങിയ ഇന്ത്യ മികച്ച രീതിയിലാണ് തുടങ്ങിയത്. ആദ്യം ബാറ്റുചെയ്ത അയര്‍ലന്‍ഡിനെ തുടക്കത്തില്‍ പ്രതിരോധത്തിലാത്താന്‍ ഇന്ത്യക്കായി. 7.1 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലായിരുന്നു ഐറിഷ് സംഘം. മുന്‍നിര ബാറ്റര്‍മാര്‍ നിരനിരയായി കൂടാരം കയറി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ നായകന്‍ ലോര്‍ക്കന്‍ ടക്കറും ഗരത് ജെലനിയും ചേര്‍ന്ന് സ്‌കോറുയര്‍ത്തി. ഇരുവരും ഇന്ത്യന്‍ ബൗളര്‍മാരെ നന്നായി നേരിട്ടതോടെ സ്‌കോര്‍ 100 കടന്നു. അഞ്ചാം വിക്കറ്റില്‍ 64 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
ടക്കര്‍ 36 പന്തില്‍ നിന്ന് അമ്പത് റണ്‍സെടുത്ത് പുറത്തായി. പിന്നാലെ ഡെലനി, ജോര്‍ജ് ഡോക്രലുമായും കൂട്ടുകെട്ടുണ്ടാക്കി. 32 പന്തില്‍ നിന്്ന 49 റണ്‍സെടുത്ത ഡെലനി ടീമിനെ 170 കടത്തിയാണ് മടങ്ങിയത്. ഒടുക്കം 182-9 എന്ന നിലയില്‍ അയര്‍ലന്‍ഡ് ഇന്നിങ്സ് അവസാനിച്ചു. ഇന്ത്യക്കായി ഹര്‍ഷിത് റാണ മൂന്നുവിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി അഭിഷേക് ശര്‍മ വെടിക്കെട്ടോടെയാണ് തുടങ്ങിയത്. സഞ്ജു സാംസണ്‍ വെറും അഞ്ച് റണ്‍സെടുത്തും ഇഷാന്‍ കിഷന്‍ ഒരു റണ്ണെടുത്തും പുറത്തായി. എന്നാല്‍ അഭിഷേക് തകര്‍ത്തടിച്ചതോടെ ടീം നാലോവറില്‍ 57 ലെത്തി. ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ 3 റണ്‍സെടുത്ത് മടങ്ങി. അടിച്ചുകളിച്ച അഭിഷേക് 20 പന്തില്‍ നിന്ന് 49 റണ്‍സോടെ ടീമിനെ 80 ലെത്തിച്ചു. പിന്നീട് വന്നവര്‍ക്ക് കാര്യമായ ഇന്നിങ്സ് പടുത്തുയര്‍ത്താനായില്ല. തിലക് വര്‍മയും(19) ശിവം ദുബെയും(25) അക്ഷര്‍ പട്ടേലും (15) വീണതോടെ അയര്‍ലന്‍ഡ് ജയത്തിലേക്കെത്തി. ഒടുക്കം 148 റണ്‍സിന് ടീം ഓള്‍ഔട്ടായി. മാത്യു ഹൊള്ളാര്‍ഡും മാത്യു ഹംഫ്രിസും മൂന്നുവിക്കറ്റെടുത്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *