ഇ.ഡിയെ ആക്രമിച്ച കേസ്: പ്രോസിക്യൂട്ടറെ മാറ്റും പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതി ഹരീഷിന് ജാമ്യം കിട്ടാന്‍ വഴിയൊരുക്കിയ പബ്ലിക് പ്രോസിക്യൂട്ടര്‍ ഗീനാകുമാരിയെ മാറ്റാന്‍ സര്‍ക്കാര്‍. ഒക്ടോബര്‍വരെ ഗീനയ്ക്ക് കാലാവധിയുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച ഗീനാകുമാരിയെ മാറ്റണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കും. ഹരീഷിന്റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. രേഖകളുമായി തിങ്കളാഴ്ച കൊച്ചിയിലെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മ്യൂസിയം സി.ഐ പ്രശാന്തിനോട് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.അസഫലി നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ 18ന് ഹരീഷിന്റെ ജാമ്യത്തെ എതിര്‍ത്ത് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജാമ്യം നല്‍കാതിരിക്കാന്‍ 13 കാരണങ്ങളും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. റിപ്പോര്‍ട്ട് ഗീനാകുമാരി കോടതിക്ക് കൈമാറിയെങ്കിലും ജാമ്യത്തെ എതിര്‍ത്തില്ല. 24നാണ് വാദം കേട്ടത്. കേസ് ഡയറിയടക്കം രേഖകള്‍ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥനുമായി ചര്‍ച്ചയും നടത്തിയില്ല. ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്നും ഇനി കസ്റ്റഡി ആവശ്യമില്ലെന്നും ബോധിപ്പിച്ചു.

തുടര്‍ന്നാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്.നസീറ ജാമ്യം അനുവദിച്ചത്. ഈ കേസില്‍ ജാമ്യം കിട്ടുന്ന ആദ്യപ്രതിയാണ് കടകംപള്ളി മധുമുക്ക് പുണര്‍തം വീട്ടില്‍ ഹരീഷ്. മറ്റുള്ളവരും സമാനമായ വഴിയില്‍ ജാമ്യം നേടാനിടയുള്ളതിനാലാണ്

ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.

കക്ഷിചേരാന്‍ ഇ.ഡി

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കക്ഷിചേരാന്‍ ഇ.ഡി കോടതിയില്‍ അപേക്ഷ നല്‍കും. പൊലീസിന്റെ അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് ഹര്‍ജിയില്‍ ഇ.ഡി ചൂണ്ടിക്കാട്ടും. കേസിന്റെ സത്യാവസ്ഥ വെളിപ്പെടണമെങ്കില്‍ തങ്ങളെയും കേള്‍ക്കണം. ജാമ്യ ഹര്‍ജിയില്‍ പ്രോസിക്യൂട്ടര്‍ സ്വീകരിച്ച നിലപാട് സംശയാസ്പദമാണ്. നിരവധി പ്രതികള്‍ ഇപ്പോഴും അന്വേഷണ പരിധിക്ക് പുറത്താണ്. ഗൂഢാലോചന ഉള്‍പ്പെടെ തെളിയിക്കേണ്ടതുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കും.

 

Leave a Reply

Your email address will not be published. Required fields are marked *