തിരുവനന്തപുരം:വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം സംസ്ഥാനത്ത് നടപ്പാക്കുമോ എന്ന് ഇന്നറിയാം. നികുതി ഇളവ് നടപ്പാക്കണമെങ്കില്‍ ഈ നിര്‍ദ്ദേശം ഉള്‍പ്പെടുത്തിയുള്ള ധന ബില്‍ ഇന്ന് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച് മുന്‍കൂര്‍ അനുമതി വാങ്ങി അതിന്റെ പകര്‍പ്പ് നിയമസഭാംഗങ്ങള്‍ക്ക് വിതരണം ചെയ്യണം.
എങ്കിലേ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കാന്‍ കഴിയൂ.സഭ പാസാക്കിയാല്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണ്.അല്ലെങ്കില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഹൈക്കോടതിയെ സമീപിക്കാം.
തിങ്കളാഴ്ച മുതല്‍ മൂന്നു ദിവസത്തേക്കാണ് ഇനി നിയമസഭ ചേരുന്നത്. വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ഥന,ധന വിനിയോഗ ബില്‍,ധന ബില്‍ എന്നിവ പാസാക്കണം.
47 വകുപ്പുകളില്‍ സാധാരണ പത്ത് ദിവസം വരെയെടുത്താണ് ധനാഭ്യര്‍ഥന പാസാക്കുന്നത്. എന്നാല്‍ , പുതുക്കിയ ബഡ്ജറ്റായതിനാല്‍ ഈ നടപടിക്രമങ്ങളെല്ലാം മൂന്നു ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കാര്യോപദേശക സമിതി തീരുമാനിച്ചിട്ടുണ്ട്.
ബഡ്ജറ്റിലെ നിര്‍ദേശമാണെങ്കിലും ധന ബില്ലില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിവാക്കാം.
എന്നാല്‍,വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് യു.ഡി.എഫിന്റെ മദ്യ നയത്തിലെ തീരുമാനത്തിനനുസരിച്ച് മാത്രമേ നടപ്പാക്കുകയുള്ളുവെന്നാണ് മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിയമസഭയില്‍ വ്യക്തമാക്കിയത്. നിയമസഭ പാസാക്കി നിയമമായിക്കഴിഞ്ഞാല്‍ നയം മാറിയത് കൊണ്ട് കാര്യമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് വേണ്ടെന്നാണ് യു.ഡി.എഫ് തീരുമാനമെങ്കില്‍ അത് ഗസറ്റില്‍ പരസ്യപ്പെടുത്തി വിജ്ഞാപനമിറക്കുകയും ,നിയമസഭയില്‍ വീണ്ടും അവതരിപ്പിച്ച് ബഡ്ജറ്റ് നിര്‍ദ്ദേശമനുസരിച്ച് വരുത്തിയ നിയമ ഭേദഗതി പിന്‍വലിക്കുകയും വേണം.