സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് 3, വയനാട് 2, എറണാകുളം, തൃശൂര്‍, മലപ്പുറം 1 വീതം എന്നിങ്ങനെയാണ് ഇന്ന് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂണ്‍ മാസം 180 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 256 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട് (61), വയനാട് (25), തൃശൂര്‍ (13) ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് ഔട്‌ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (25), തിരുവനന്തപുരം (18), കണ്ണൂര്‍ (11), കൊല്ലം (12), ഇടുക്കി (3), എറണാകുളം (4), പാലക്കാട് (3)എന്നിവിടിങ്ങളിലും ജൂണ്‍ മാസം ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, നിപ ബാധിതന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 21 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍പെട്ട ഒരാളെ ക്വാറന്റൈനില്‍ നിന്നു ഒഴിവാക്കി. രോഗബാധിതന്റെ സഹപ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം. നിരീക്ഷണ വേളയില്‍ ഒരു രോഗലക്ഷണങ്ങളും ഉണ്ടാകാത്തതിനെ തുടര്‍ന്നാണിത്. നിലവിലെ രോഗിയുമായി അടുത്തു സമ്പര്‍ക്കം പുലര്‍ത്തിയ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍ നിന്ന് ആദ്യമായാണ് ഒരാളെ ഒഴിവാക്കുന്നത്.നിപ രോഗബാധിതന്റെ സമ്പക്കപ്പെട്ടികയിലുള്ള ആരെയും പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. നിലവില്‍ വളരെ ഉയര്‍ന്ന റിസ്‌ക് ഭാഗത്തില്‍പ്പെട്ട 4 പേരും, ഉയര്‍ന്ന വിഭാഗത്തില്‍പ്പെട്ട 13 പേരും ക്വാറന്റൈനിലാണ്. കുറഞ്ഞ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 75 പേര്‍ നിരീക്ഷണത്തിലാണ്. നിപ രോഗ ബാധിതന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സ തുടരുന്നു. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ 69 വീടുകളില്‍ കൂടി ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് സന്ദര്‍ശനം നടത്തി.സംശയ നിവാരണത്തിനായി ഇതുവരെ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ പൊതുജനങ്ങളില്‍ നിന്നുള്ള 92 ഫോണ്‍വിളികള്‍ എത്തിയിട്ടുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവരെയും ഇന്നും ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടിരുന്നു. ജില്ലാ മാനസിക ആരോഗ്യപരിപാടിയുടെ ഭാഗമായി ഇതുവരെ 125 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *