അവയവക്കടത്തിലെ കള്ളപ്പണക്കേസ്; ലേക്ഷോര്‍ ആശുപത്രി എംഡിയെ ചോദ്യം ചെയ്ത് ഇഡി

കൊച്ചി: അവയവക്കടത്തിലെ കള്ളപ്പണക്കേസില്‍ കൊച്ചി ലേക്ഷോര്‍ ആശുപത്രി എംഡിയെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കൊച്ചിയിലെ ഇഡി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. കേരളത്തിലെ ആറ് പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത വ്യാജ രേഖ ഉപയോഗിച്ചുള്ള അവയവ കച്ചവടത്തിലെ കള്ളപ്പണക്കേസിലെ ഇടപാടിലാണ് ഇഡി അന്വേഷണം. ഇതിന്റെ ഭാഗമായി അടുത്തിടെ സ്വകാര്യ ആശുപത്രികളിലടക്കം വിവിധയിടങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. അവയവകച്ചവടത്തിന് കേരളത്തിന് അകത്തും പുറത്തും വന്‍ മാഫിയ സംഘം ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
കേസിലെ മുഖ്യപ്രതി നജീബിനെ ആലപ്പുഴ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മെഡിക്കല്‍ ടൂറിസത്തിന്റെ മറവിലാണ് അവയവക്കടത്ത് നടന്നത്. കല്ലട്രാസ് മെഡിക്കല്‍ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവില്‍ അവയവക്കച്ചവടത്തിനായി വലിയ ശൃംഖല തന്നെ നജീബ് ഉണ്ടാക്കിയിട്ടുണ്ട്. പല ജില്ലകളിലായാണ് തട്ടിപ്പ് നടന്നത്. സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ കണ്ടെത്തി ചെറിയ തുകയ്ക്ക് അവയവ കൈമാറ്റം ഉറപ്പിക്കുകയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നവര്‍ക്ക് വലിയ തുകയ്ക്ക് കൈമാറുകയുമായിരുന്നു. ഓരോ ശസ്ത്രക്രിയയ്ക്കും പിന്നാലെ നജീബിന് വന്‍ തുക ആശുപത്രികള്‍ കമ്മീഷനായി നല്‍കിയിരുന്നുവെന്നാണ് ഇഡി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്.

 

 

Leave a Reply

Your email address will not be published. Required fields are marked *