വാഷിങ്ടണ്‍: ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണ അവസാനിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായി ഇനി കൂടുതല്‍ ചര്‍ച്ചകള്‍ക്കില്ല. അത് സമയംപാഴാക്കലാണെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞരാത്രി ഇറാനിലെ 85 കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ ധാരണ അവസാനിച്ചതായി ട്രംപ് വ്യക്തമാക്കിയത്. തുര്‍ക്കിയിലെ അങ്കാറയില്‍ നടന്ന നാറ്റോ ഉച്ചകോടിക്കിടെയായിരുന്നു ഈ പ്രഖ്യാപനം.
ഇറാന്‍ ഭരണകൂടത്തെയും ജനങ്ങളെയും രൂക്ഷമായ ഭാഷയിലാണ് ട്രംപ് വിമര്‍ശിച്ചത്. ‘അവര്‍ നുണയന്മാരും ചതിയന്മാരും രോഗബാധിതരുമാണെന്ന്’ അദ്ദേഹം വിശേഷിപ്പിച്ചു. ഇറാനിലെ ഭരണകൂടം കാന്‍സര്‍ പോലെയാണ്. എത്രയും പെട്ടെന്ന് അത് മുറിച്ചുമാറ്റേണ്ടതുണ്ട്. അവര്‍ സ്വന്തം ജനങ്ങളെ വേദനിപ്പിച്ചു. 54,000 ആളുകളെ കൊലപ്പെടുത്തിയെന്ന് ട്രംപ് ആരോപിച്ചു.
ഹോര്‍മൂസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ഇറാനിലെ 85 കേന്ദ്രങ്ങളില്‍ അമേരിക്കയുടെ ആക്രമണം. കപ്പല്‍ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ സൈന്യമാണെന്ന് ട്രംപ് ആരോപിച്ചു. ‘ഖമേനിയുടെ മരണാനന്തര ചടങ്ങുകളില്‍ ശ്രദ്ധിക്കുന്നതിന് പകരം അവര്‍ കപ്പലുകള്‍ ആക്രമിക്കുകയാണ് ചെയ്തത്. അതിന് 20 മടങ്ങ് ശക്തമായ മറുപടിയാണ് ഞങ്ങള്‍ നല്‍കിയത്. ഇറാന്‍ ഭരണാധികാരികള്‍ ദുഷ്ടന്മാരാണ്. ഇന്നലെ രാത്രി വളരെ ശക്തമായി ഞങ്ങള്‍ അവരെ ആക്രമിച്ചു. അവര്‍ക്ക് ഗുരുതരമായ പ്രശ്‌നങ്ങളുണ്ട്’, ട്രംപ് പറഞ്ഞു.
ഇറാനെ ആണവായുധം സ്വന്തമാക്കാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 47 വര്‍ഷമായി അവര്‍ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. ഇറാനെ ആണവമുക്തമാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. അത് അമേരിക്ക നടപ്പാക്കാന്‍ പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്കാറയില്‍ നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ, ഇറാന്റെ കാര്യത്തില്‍ നാറ്റോ സഖ്യം അമേരിക്കയെ സഹായിക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.