ഇനി ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഭാരത്

 

  • ലോകകപ്പിനിടെ അപ്രതീക്ഷിത പ്രഖ്യാപനം
  • പേരുമാറ്റത്തിനൊരുങ്ങി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍’

ദില്ലി: ലോകകപ്പ് മത്സരങ്ങളുടെ ആവേശത്തിനിടെ പേര് മാറ്റത്തിനൊരുങ്ങി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഭാരത് എന്ന് ഫെഡറേഷനെ പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദ്ദേശത്തിന് ശനിയാഴ്ച നടന്ന ഫെഡറേഷന്റെ പ്രത്യേക ജനറല്‍ ബോഡി യോഗം അംഗീകാരം നല്‍കി. ഇതിന്റെ ഭാഗമായി ഫെഡറേഷന്‍ ഉടന്‍ തന്നെ കേന്ദ്ര കായിക മന്ത്രാലയത്തെ സമീപിക്കും. കായിക മന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിച്ചാല്‍ പേരുമാറ്റം ഔദ്യോഗികമായി നടപ്പിലാകുമെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബേ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. കായിക മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ അന്തിമ അനുമതിക്കായി ഫിഫയെ സമീപിക്കുമെന്നും ചൗബെ പറഞ്ഞു.

പേര് മാറ്റാനുള്ള നിര്‍ദ്ദേശം കായിക മന്ത്രാലയത്തിന് അയക്കുകയാണ്. ഇതൊരു വലിയ പ്രക്രിയയാണ്, അതിന് ഇന്ന് ഔദ്യോഗികമായി തുടക്കമായി കഴിഞ്ഞു. മന്ത്രാലയം ഇത് അംഗീകരിച്ചില്ലെങ്കിലോ മറ്റെന്തെങ്കിലും അഭിപ്രായം രേഖപ്പെടുത്തിയാലോ ഈ നീക്കവുമായി മുന്നോട്ട് പോകില്ല. എന്നാല്‍ മന്ത്രാലയം അംഗീകരിക്കുകയാണെങ്കില്‍, ഞങ്ങള്‍ ഇത് വീണ്ടും ജനറല്‍ ബോഡിയില്‍ കൊണ്ടുവരികയും തുടര്‍ന്ന് ഫിഫയുടെ അംഗീകാരത്തിനായി അയക്കുകയും ചെയ്യും-കല്യാണ്‍ ചൗബേ വ്യക്തമാക്കി. തുര്‍ക്കി (Turkey എന്നത് Turkiye എന്നാക്കിയത്), ചെക്ക് റിപ്പബ്ലിക് (Czechia എന്നാക്കിയത്) തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ ഫുട്‌ബോള്‍ അസോസിയേഷനുകളുടെ പേര് മാറ്റിയ അന്താരാഷ്ട്ര മാതൃകകള്‍ ചൂണ്ടിക്കാണിച്ചാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഈ പുതിയ നീക്കത്തിന് തുടക്കമിട്ടത്.

ഐഎസ്എല്‍ സീസണ്‍ സെപ്റ്റംബര്‍ 4 മുതല്‍
പേരുമാറ്റത്തിന് പുറമെ ഇന്ത്യന്‍ ആഭ്യന്തര ഫുട്‌ബോള്‍ കലണ്ടറുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളും ജനറല്‍ ബോഡി യോഗത്തില്‍ പാസാക്കി. വരാനിരിക്കുന്ന 2026-27 സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സെപ്റ്റംബര്‍ 4-ന് ആരംഭിക്കാന്‍ യോഗം അനുമതി നല്‍കി. 14 ടീമുകള്‍ മാറ്റുരയ്ക്കുന്ന ഇത്തവണത്തെ ഐഎസ്എല്‍ ഹോം, എവേ മത്സരങ്ങളോടെ പൂര്‍ണ്ണമായ ഏഴ് മാസം നീണ്ടുനില്‍ക്കും.ഐഎസ്എല്ലിന്റെ പുതിയ ഘടനയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കുന്നത് 5 ക്ലബ് പ്രതിനിധികളും, 3 എഐഎഫ്എഫ് ഭാരവാഹികളും, 3 കൊമേഴ്‌സ്യല്‍ പാര്‍ട്ണര്‍മാരും അടങ്ങുന്ന മാനേജിംഗ് കമ്മിറ്റിക്ക് വിട്ടു. ക്ലബുകളുമായി ചര്‍ച്ച നടത്തിയ ശേഷമാകും ഇതില്‍ അന്തിമ തീരുമാനം വരിക. നാഷണല്‍ സ്‌പോര്‍ട്‌സ് ഗവേണന്‍സ് ആക്ട്, 2025′ പ്രകാരം ഫെഡറേഷന്റെ ഭരണഘടന പരിഷ്‌കരിക്കാനും യോഗം ഔദ്യോഗികമായി അംഗീകാരം നല്‍കി.

 

Leave a Reply

Your email address will not be published. Required fields are marked *