കോട്ടൂര്‍ : കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിച്ചേര്‍ന്നു. വയനാട്ടിലെ മുത്തങ്ങയില്‍ നിന്ന് 40 വയസ്സുള്ള ‘ചന്ദ്രനാഥ്’ എന്ന കൊമ്പനാനയെയാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ കോട്ടൂരില്‍ എത്തിച്ചത്.
പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഇതേ ആന പരിപാലന കേന്ദ്രത്തില്‍ നിന്നുതന്നെയാണ് കുങ്കി പരിശീലനത്തിനായി ചന്ദ്രനാഥിനെ വയനാട്ടിലെ മുത്തങ്ങയിലേക്ക് കൊണ്ടുപോയത്.
നീണ്ട പത്തു വര്‍ഷത്തെ പരിശീലനവും സേവനവും പൂര്‍ത്തിയാക്കി മാതൃതാവളത്തിലേക്ക് മടങ്ങിയെത്തിയ ചന്ദ്രനാഥിന് ആവേശോജ്ജ്വലവും ഹൃദ്യവുമായ സ്വീകരണമാണ് കേന്ദ്രത്തിലെ ജീവനക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഒരുക്കിയത്.
തിരുവനന്തപുരം വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ എസ്.വി. വിനോദിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണ ചടങ്ങുകള്‍. അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക് റേഞ്ച് ഡെപ്യൂട്ടി വാര്‍ഡന്‍ അനീഷ് ജി.ആര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ഷിജു എസ്.വി. നായര്‍, തിരുവനന്തപുരം അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ കുമാര്‍ എസ്.കെ. എന്നിവരും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ രാജേഷ്, റജി, ബീറ്റ് ഫോറസ്റ്റ് ഗാര്‍ഡുമാര്‍, ആനപ്പാപ്പാന്മാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. മടങ്ങിയെത്തിയ പ്രിയ അതിഥിയെ പഴക്കുലകളും ശര്‍ക്കരയും നല്‍കിയാണ് ഉദ്യോഗസ്ഥര്‍ പാര്‍ക്കിലേക്ക് വരവേറ്റത്.
*പ്രതീക്ഷയോടെ വനംവകുപ്പ്*
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആന പുനരധിവാസ കേന്ദ്രങ്ങളിലൊന്നായ കോട്ടൂരിലേക്ക് ചന്ദ്രനാഥ് മടങ്ങിയെത്തുന്നത് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വ്വേകുമെന്നാണ് വനംവകുപ്പ് അധികൃതര്‍ കണക്കുകൂട്ടുന്നത്. കാപ്പുകാട് വനമേഖലയിലെ പ്രകൃതിദത്തമായ അന്തരീക്ഷത്തില്‍ ചന്ദ്രനാഥിന്റെ സാന്നിധ്യം സഞ്ചാരികള്‍ക്കും വന്യജീവി സ്‌നേഹികള്‍ക്കും ഒരുപോലെ ആവേശം പകരും.