ഇംഗ്ലണ്ട് ഗോൾ കീപ്പറുടെ കുപ്പിയിൽ പേരു കണ്ട് അന്തംവിട്ട് മെസ്സി

അറ്റ്‌ലാന്റ ∙ ഫിഫ ലോകകപ്പിലെ അർജന്റീന ഇംഗ്ലണ്ട് സെമിഫൈനൽ മത്സരം അവസാനിച്ചതിന് പിന്നാലെ ഫുട്ബോൾ ലോകത്ത് ചർച്ചയായി ഇംഗ്ലണ്ട് ഗോൾ കീപ്പർ ജോർഡൻ പിക്ഫോഡിന്റെ വെള്ളക്കുപ്പിയിലെ എഴുത്തുകൾ. അർജന്റീന കളിക്കാരിൽ പെനൽറ്റി എടുക്കുന്നവരുടെ പേരും ഓരോരുത്തരും കിക്ക് എടുക്കുമ്പോൾ ഗോൾ കീപ്പർ എങ്ങോട്ട് ഡൈവ് ചെയ്യണം എന്നതിന്റെ സൂചനയുമാണ് കുപ്പിയിൽ എഴുതി ഒട്ടിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. അർജന്റീന ഇംഗ്ലണ്ട് മത്സരത്തിന് ശേഷം ലയണൽ മെസ്സി ഈ കുപ്പിയിൽ എഴുതിയത് വായിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് കുപ്പിയും വൈറലായത്.

നിക്കോ ഗോൺസാലെസ് കയ്യിൽപിടിച്ചിരിക്കുന്ന കുപ്പിയിലെ എഴുത്ത് മെസ്സി വായിക്കാൻ ശ്രമിക്കുന്നതാണ് പ്രചരിക്കുന്ന വിഡിയോയിലും ചിത്രങ്ങളിലുമുള്ളത്. മെസ്സി വായിക്കാൻ ശ്രമിച്ചത് ഇതാണ് എന്ന കുറിപ്പോടെ കുപ്പിയുടെ ചിത്രങ്ങളും പിന്നീട് പുറത്തുവന്നു.

മെസ്സി പെനൽറ്റി കിക്ക് എടുക്കുമ്പോൾ ഇടത്തേക്ക് ആയുന്നതുപോലെ അഭിനയിക്കുക വലത്തേക്ക് ഡൈവ് ചെയ്യുക എന്നാണ് കുപ്പിയിൽ എഴുതിയിരിക്കുന്നത്. ഇത്തരത്തിൽ എല്ലാ കളിക്കാരുടെയും പേരും ‍ഡൈവ് എടുക്കേണ്ട രീതിയും രേഖപ്പെടുത്തിയിട്ടുണ്ട്. ടീം അനലിസ്റ്റുകൾ നടത്തുന്ന ആഴത്തിലുള്ള ഡേറ്റ അനലിറ്റിക്സും ബയോമെക്കാനിക്സുമൊക്കെ ഉൾപ്പെടുത്തിയാണ് ഇപ്പോൾ ടീമുകൾ ഷൂട്ടൗട്ടുകൾക്കു തയാറെടുക്കുന്നത്. ഈ വിവരങ്ങൾ കടലാസിൽ എഴുതി ഗോൾകീപ്പർമാർക്കു കൈമാറുന്ന രീതിയും പ്രചാരത്തിലുണ്ട്. ഇതനുസരിച്ചാകും ഗോൾ കീപ്പർമാർ പെനൽറ്റിക്ക് തയാറെടുക്കുക.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അർജന്റീന ഇംഗ്ലണ്ടിനെ സെമിയിൽ മലർത്തിയടിച്ചത്. 84 മിനിറ്റുവരെ ഒരു ഗോളിന്റെ ലീഡുമായി മുന്നേറിയ ഇംഗ്ലണ്ടിനെ 85, 90+2 മിനിറ്റുകളിലാണ് അർജന്റീന തറപറ്റിച്ചത്. അർജന്റീനയ്ക്കുവേണ്ടി എൻസോ ഫെർണാണ്ടസും ലൗറ്റാരോ മാർട്ടിനെസ്സുമാണ് ഗോൾ നേടിയത്. തുടർച്ചയായ രണ്ടാം തവണയും ലോകകപ്പ് ഫൈനലിൽ കടന്ന നിലവിലെ ചാംപ്യന്മാരായ അർജന്റീന, 20ന് പുലർച്ചെ 12.30 ന് മുൻ ലോകചാംപ്യന്മാരായ സ്പെയിനിനെ നേരിടും.

Leave a Reply

Your email address will not be published. Required fields are marked *