മൈതാനത്ത് നടക്കുന്ന മെസ്സി, 39-ാം വയസ്സിലും ഇതെങ്ങനെ സാധിക്കുന്നു

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഫുട്ബോൾ ആരാധകർ ഉറ്റുനോക്കിയ ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി ബൂട്ടു കെട്ടിയിറങ്ങുമ്പോൾ, സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആർക്കും ഒരു കാര്യം മനസ്സിലാകും – മത്സരത്തിന്റെ ഭൂരിഭാഗം സമയവും അദ്ദേഹം വെറുതെ നടക്കുകയോ, അല്ലെങ്കിൽ എങ്ങോട്ടോ നോക്കി നിൽക്കുകയോ മാത്രമാണ് ചെയ്യുന്നത്! ലോകകപ്പിൽ മെസ്സിയുടെ കളിശൈലിയെക്കുറിച്ച് പ്രമുഖ സ്പോർട്സ് മാധ്യമമായ ‘ദി അത്‌ലറ്റിക്’ പുറത്തുവിട്ട കണക്കുകൾ ഞെട്ടിക്കുന്നതാണ്. മത്സരങ്ങളിൽ മെസ്സിയുടെ ആകെ ചലനങ്ങളുടെ 63 ശതമാനവും വെറും നടത്തമാണ്. മറ്റൊരു 25 ശതമാനം സമയം അദ്ദേഹം ഒരേ നിൽപ്പ് നിൽക്കുന്നു. അതായത് കളി നടക്കുമ്പോൾ 88 ശതമാനം സമയവും മെസ്സി സജീവമായി ഓടുന്നില്ല!

തന്റെ 39-ാം വയസ്സിൽ, പ്രായത്തിന്റെ പരിമിതികൾ കൊണ്ടാവാം മെസ്സി ഇങ്ങനെ പതുക്കെ നടക്കുന്നത് എന്ന് കരുതുന്നവർക്ക് തെറ്റി. കരിയറിന്റെ തുടക്കം മുതൽക്കേ മെസ്സിയുടെ ശൈലി ഇങ്ങനെയായിരുന്നു എന്ന് ഫുട്ബോൾ നിരീക്ഷകർക്കറിയാം. സാധാരണക്കാരായ കാണികൾക്ക് ഇതൊരു തരം ‘സോണിങ് ഔട്ട്’ അല്ലെങ്കിൽ മടുപ്പായി തോന്നാമെങ്കിലും, കായിക മനശാസ്ത്രജ്ഞരും ന്യൂറോ സയന്റിസ്റ്റുകളും പറയുന്നത് ഇതൊരു സാധാരണ മടുപ്പല്ല, മറിച്ച് കളിയിലെ പ്രകടനം അത്യുന്നതങ്ങളിൽ എത്തിക്കാനുള്ള ഒരു സ്മാർട്ട് മസ്തിഷ്ക തന്ത്രം ആണെന്നാണ്. അത്‌ലറ്റുകൾക്ക് മാത്രമല്ല, സംരംഭകർക്കും സാധാരണക്കാർക്കും തങ്ങളുടെ തൊഴിൽമേഖലകളിൽ മികച്ച വിജയം കൊയ്യാനും ക്രിയാത്മകത വർധിപ്പിക്കാനും ഈ തന്ത്രം ഉപയോഗിക്കാം.

∙ ‘പന്തിൽ മാത്രം കണ്ണ് വയ്ക്കുക’ എന്നത് എപ്പോഴും ശരിയാണോ?

കായികരംഗത്തായാലും ബിസിനസ്സിലായാലും നാം എപ്പോഴും കേൾക്കുന്ന ഒരു ഉപദേശമുണ്ട്, “നിങ്ങളുടെ കണ്ണ് എപ്പോഴും ലക്ഷ്യത്തിൽ (പന്തിൽ) തന്നെയായിരിക്കണം.” എന്നാൽ ഈ പരമ്പരാഗത ചിന്താഗതി തെറ്റാണെന്നാണ് ഡ്രെക്സൽ യൂണിവേഴ്സിറ്റിയിലെ ഗ്ലോബൽ സ്പോർട് ലീഡർഷിപ്പ് സൊല്യൂഷൻസ് ലാബ് ഡയറക്ടറും സ്പോർട് സൈക്കോളജിസ്റ്റുമായ എറിക് സിൽമർ വ്യക്തമാക്കുന്നത്. ശാസ്ത്രമാസികയായ ‘സയന്റിഫിക് അമേരിക്കൻ’ൽ എഴുതിയ ലേഖനത്തിൽ മെസ്സിയുടെ ഈ സവിശേഷമായ കളിശൈലിയെ അദ്ദേഹം വിശകലനം ചെയ്യുന്നുണ്ട്.”ഗവേഷകർ ലയണൽ മെസ്സിയുടെ നോട്ടത്തെക്കുറിച്ച് പഠിച്ചപ്പോൾ കണ്ടെത്തിയത്, അദ്ദേഹത്തിന്റെ കണ്ണുകൾ പലപ്പോഴും പന്തിലല്ല എന്നാണ്,” സിൽമർ പറയുന്നു. ഒരു കളിയിൽ പന്ത് എവിടെയാണെന്ന് നോക്കാതിരിക്കുന്നത് വലിയൊരു പോരായ്മയായി തോന്നാം. എന്നാൽ ആധുനിക ന്യൂറോഇമേജിങ് സാങ്കേതികവിദ്യകൾ നൽകുന്ന തെളിവുകൾ പ്രകാരം, ഒരു വ്യക്തി മനഃപൂർവം ചിന്തകളിൽ മുഴുകിയിരിക്കുമ്പോൾ മസ്തിഷ്കം വിശ്രമിക്കുകയല്ല ചെയ്യുന്നത്. പകരം, അത് വിവരങ്ങളെ തികച്ചും വ്യത്യസ്തമായ രീതിയിൽ വിശകലനം ചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *