എസ്.ഡി. കോളജിൽ പ്രീ ഡിഗ്രിക്കു പഠിച്ചുകൊണ്ടിരുന്ന കാലത്ത് അയലത്തെ റേഡിയോയിൽ സ്ഥിരമായി കേട്ടിരുന്ന ഒരു സിനിമാപരസ്യമുണ്ട്- “രാജുമോൻ ഒരിക്കൽ എന്നോട് ചോദിച്ചു, അങ്കിളിന്റെ ഫാദർ ആരാണ്. ഞാൻ പറഞ്ഞു ഒരു രാജാവാണെന്ന്.” അതിനെ തുടർന്നുള്ള കിടിലൻ ഡയലോഗ് പിൽക്കാലത്തെ സകലമാന മാസ് സിനിമകൾക്കും മാതൃകയായി. ‘യെസ് അയാം എ പ്രിൻസ്, അധോലോകങ്ങളുടെ രാജകുമാരൻ’, ‘മൈ ഫോൺ നമ്പർ ഈസ് ഡബിൾ റ്റു ഡബിൾ ഫൈവ്’, ‘മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും’ എന്നിങ്ങനെ ‘രാജാവിന്റെ മകനെ’ നാൽപ്പതു വർഷങ്ങളായി ഓർമയിൽ മായാതെ സൂക്ഷിക്കുന്ന പഞ്ച് ഡയലോഗുകളുടെ കൂട്ടത്തിൽ ഒരു മേൽമീശയുമുണ്ട്, വിൻസെന്റ് ഗോമസ് മുകളിലേക്കു പിരിച്ചുവച്ച ചങ്കൂറ്റം. അതിന്റെ തുമ്പിൽ പല കാലങ്ങളിലായി വേറെയും ചില സിനിമകളെ മോഹൻലാൽ എടുത്തുയർത്തി നിർത്തി.
മലയാള സിനിമയുടെ വാണിജ്യ സമവാക്യങ്ങളെയും നായകസങ്കൽപ്പങ്ങളെയും പുനർനിർവചിച്ച ശ്രദ്ധേയ ദൃശ്യചിഹ്നമാണ് മോഹൻലാലിന്റെ മീശപിരി. അതൊരു രൂപഭംഗിയുടെ മാത്രം ഭാഗമല്ല, കഥാപാത്രത്തിനനുസരണമായി മീശയുടെ ധ്വനിയും മാറുന്നു. ഒരേ മീശപിരിക്കൽ വ്യത്യസ്ത കഥാപാത്രങ്ങളിൽ വ്യത്യസ്ത അർഥങ്ങൾ സൃഷ്ടിക്കുന്നു. കഥാപാത്രങ്ങളുടെ ആത്മവിശ്വാസം, വൈകാരികാവസ്ഥ, അധികാരബോധം, മനഃശാസ്ത്രം എന്നിവ പ്രേക്ഷകനിലേക്കു വാക്കുകളില്ലാതെ എത്തിക്കുന്ന ഒരു സിനിമാറ്റിക് തന്ത്രം വിൻസന്റ് ഗോമസിലൂടെ വിജയകരമായി പരീക്ഷിക്കപ്പെട്ടു. തുടർന്ന് മലയാള സിനിമയുടെ ദൃശ്യവ്യാകരണത്തിൽ നിർണായകമായ വഴിത്തിരിവു സൃഷ്ടിച്ച മീശ ഒരു ‘സ്റ്റൈലൈസ്ഡ് മാസ്സ് സിഗ്നേച്ചറാ’യി മാറി.
നാലു പതിറ്റാണ്ടുകൾക്കു മുൻപ്, ഇതുപോലൊരു ജൂലൈ പതിനാറാം തീയതി പുറത്തിറങ്ങിയ ‘രാജാവിന്റെ മകൻ’ പിരിച്ച മീശയിലൂടെ മോഹൻലാൽ നായകപരിവേഷത്തിനു പുത്തൻ മാനം നൽകി. തല്ലു കൊടുത്താലും കൊണ്ടാലും അഞ്ചു രൂപയിലധികം സമ്പാദിക്കാൻ കഴിയാതിരുന്ന ഒരു തെരുവു ഗുണ്ടയുടെ മകനെ നഗരവത്കൃത അധോലോകത്തിന്റെ മുഖമാക്കി മാറ്റിയെടുക്കാൻ പിരിച്ചുനിർത്തിയ മീശ വളരെ സഹായിച്ചു. ജന്മിത്ത അഹങ്കാരത്തിന്റെ അടയാളമായി വായിക്കപ്പെട്ടിരുന്ന മീശ വിൻസെന്റ് ഗോമസിലൂടെ നവധനിക സംസ്കാരത്തെയും നഗരാധികാരത്തെയും പ്രതിനിധീകരിച്ചു. യുവാക്കൾ ഈ ശൈലിയിൽ മോഹിതരായി. എന്നാൽ അവർ മീശയെയല്ല അനുകരിച്ചത്, അതിലൂടെ മോഹൻലാൽ സ്ക്രീനിലേക്കു കൊണ്ടുവന്ന ആത്മവിശ്വാസത്തെയായിരുന്നു. കാലാന്തരത്തിൽ ലാലിന്റെ ‘മീശത്തരം’ കഥാപാത്രങ്ങളുടെ അതിരുകൾ താണ്ടി ജനപ്രിയ സിനിമയുടെ വിപണന മൂല്യമായി മാറി.
ഒരേ മീശപിരിക്കലിനു നിരവധി മനഃശാസ്ത്രപരമായ അർഥങ്ങൾ നിർമിക്കാൻ കഴിയുന്ന അഭിനയശേഷിയുടെ സൂക്ഷ്മമായ ഉദാഹരണമാണ് ‘പാദമുദ്രകളി’ലെ മാതു പണ്ടാരം- ലാൽ നയിക്കുന്ന അഭിനയജീവിതത്തിലെ ഒരു സങ്കീർണ കഥാപാത്രം. പുറമേ ഭക്തിയുടെ പ്രതിരൂപമായി തോന്നുന്ന ഈ മനുഷ്യൻ, ഉള്ളിൽ ആഗ്രഹങ്ങളും ദൗർബല്യങ്ങളും പേറുന്ന വ്യക്തിയാണ്. ഭയം കൊള്ളിക്കുന്ന സാന്നിധ്യം ലോകത്തെ അറിയിക്കാൻ വിൻസന്റ് ഗോമസ് മീശപിരിക്കൽ ഉപയോഗിച്ചപ്പോൾ, മാതു പണ്ടാരം സ്വന്തം സത്യത്തെ ലോകത്തിൽനിന്ന് അൽപം അകറ്റിനിർത്താൻ മീശ പ്രയോജനപ്പെടുത്തി.
മാതു പണ്ടാരം ഭക്തിയും ഭോഗവും വിശ്വാസവും വഞ്ചനയും വിശുദ്ധിയും ബലഹീനതയും ഒരേ വ്യക്തിത്വത്തിൽ സഹവർത്തിക്കുന്ന അപൂർവ മനുഷ്യനാണ്. ഈ കഥാപാത്രത്തിൽ മോഹൻലാലിന്റെ മീശ പരസ്പരവിരുദ്ധമായ രണ്ടു ജീവിതങ്ങൾക്കിടയിൽ പണിയുന്ന അദൃശ്യ അതിരായി മാറുന്നു. പണ്ടാരം മീശപിരിക്കുന്ന അവസരത്തിൽ മനസ്സ് മറ്റുള്ളവർക്കു മുന്നിൽ തുറന്നിടുന്നില്ലെന്നുമാത്രമല്ല, ഉള്ളിലെ മനുഷ്യനെ പൂർണമായി വെളിപ്പെടുത്താൻ വിസമ്മതിക്കുകയുമാണ്. സ്വന്തം വൈരുധ്യങ്ങളെ ന്യായീകരിക്കാനോ മറച്ചുപിടിക്കാനോ അയാൾ ശ്രമിക്കുന്നില്ല, അവയോടൊപ്പം ജീവിക്കുകയാണ്. ഇങ്ങനെ കഥാപാത്രം സ്വയം വെളിപ്പെടുത്താതെ ഒഴിഞ്ഞുമാറുന്ന ഓരോ നിമിഷവും പ്രേക്ഷകർ അയാളെ കൂടുതൽ ശ്രദ്ധിച്ചു വായിക്കാൻ നിർബന്ധിതനാകുന്നു.